കോവിഡ് വാക്സിൻ ആ​ഗസ്ത് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യ

കോവിഡ് പ്രതിരോധ വാക്സിൻ ആ​ഗസ്ത് 12ന് രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ. ഉപആരോ​ഗ്യമന്ത്രി ഒലേ​ഗ് ​ഗ്രിഡ്നേവാണ് ഇക്കാര്യം അറിയിച്ചത്. ​ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

മൂന്നാം ഘട്ട മരുന്ന് പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്ന അവസാനഘട്ട പരിശോധനയിലാണ്. ആരോ​ഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക എന്ന് മന്ത്രി പറഞ്ഞെന്നാണ് സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ജൂൺ 18നാണ് വാക്സിൻ പരീക്ഷണം തുടങ്ങിയത്. 38 പേർക്ക് ആദ്യം വാക്സിൻ നൽകി. ജൂലൈ 15ന് ആദ്യ സംഘത്തെയും ജൂലൈ 20ന് രണ്ടാം സംഘത്തെയും ഡിസ്ചാർജ് ചെയ്തു. എല്ലാവരിലും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടായെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെടുന്നത്. ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ വാക്സിൻ നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന റഷ്യക്ക് നിർദേശം നൽകി. ഏത് മരുന്ന് ആയാലും വാക്സിൻ ആയാലും ലൈസൻസ് തേടുംമുൻപ് അം​ഗീകൃതമായ പരീക്ഷണ, പരിശോധനാ ഘട്ടങ്ങളിലൂടെ കടന്നുപോവണമെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്ത്യൻ ലിൻഡ്മെയർ പറഞ്ഞു. അതേസമയം റഷ്യ ഇതുവരെ വാക്സിൻ പരീക്ഷണങ്ങളുടെ ശാസ്ത്രീയ ഡാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *