എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇംഗ്ലീഷ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്.പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. റോറി ബേൺസിനെ (4) ഷഹീൻ അഫ്രീദി വിക്കറ്റിനു മുന്നിൽ കുരുക്കി. ഡോമിനിക് സിബ്‌ലി (8) മുഹമ്മദ് അബ്ബാസിനു മുന്നിൽ വീണു. സിബ്‌ലിയും വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് മടങ്ങിയത്. ബെൻ സ്റ്റോക്സ് (0) റണ്ണൊന്നും എടുക്കാതെ പുറത്തായതോടെ ഇംഗ്ലണ്ട് വിറച്ചു. സ്റ്റോക്സിനെ അബ്ബാസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 12-3 എന്ന നിലയിൽ ഒത്തുചേർന്ന ഒലി പോപ്പും ക്യാപ്റ്റൻ ജോ റൂട്ടും 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. സ്കോർബോർഡിൽ 62 റൺസ് ആയപ്പോഴേക്കും ജോ റൂട്ടും പുറത്ത്. 14 റൺസെടുത്ത റൂട്ട് യാസിർ ഷായുടെ പന്തിൽ മുഹമ്മദ് റിസ്‌വാനു പിടിനൽകിയാണ് മടങ്ങിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിപ്പിച്ചത്.രണ്ടാം ദിനം ശ്രദ്ധയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഇതിനിടെ ഒലി പോപ്പ് അർധശതകം തികച്ചു. പോപ്പ്-ബട്‌ലർ സഖ്യം അഞ്ചാം വിക്കറ്റിൽ 65 റൺസാണ് കൂട്ടിച്ചേർത്തത്. 62 റൺസെടുത്ത പോപ്പിനെ നസീം ഷാ ഷദബ് ഖാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ബട്‌ലർ-ക്രിസ് വോക്സ് സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി. 38 റൺസെടുത്ത ബട്‌ലറുടെ കുറ്റി പിഴുത യാസിർ ഷാ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ഡോം ബെസ് (1) യാസിർ ഷായുടെ പന്തിൽ ആസാദ് ഷഫീഖിൻ്റെ കൈകളിൽ അവസാനിച്ചു. ക്രിസ് വോക്സും (19) യാസിർ ഷായ്ക്ക് മുന്നിൽ വീണു. വോക്സ് ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. 9ആം വിക്കറ്റിൽ ജോഫ്ര ആർച്ചർ-സ്റ്റുവർട്ട് ബ്രോഡ് സഖ്യം 27 റൺസ് കൂട്ടിച്ചേർത്തു. ഷദബ് ഖാൻ്റെ പന്തിൽ മുഹമ്മദ് റിസ്‌വാനു പിടിനൽകി ആർച്ചർ (16) മടങ്ങിയതോടെ ആ കൂട്ടുകെട്ടും പൊളിഞ്ഞു. അവസാന വിക്കറ്റിൽ 22 റൺസ് കൂട്ടിച്ചേർത്ത ജെയിംസ് ആൻഡേഴ്സൺ-സ്റ്റുവർട്ട് ബ്രോഡ് സഖ്യമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ആൻഡേഴ്സണെ (7) ഷദബ് ഖാൻ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. സ്റ്റുവർട്ട് ബ്രോഡ് (29) പുറത്താവാതെ നിന്നു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ആദ്യ ഇന്നിംഗ്സിലെ സെഞ്ചൂറിയൻ ഷാൻ മസൂദിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെയാണ് മസൂദ് മടങ്ങിയത്. താരത്തെ സ്റ്റുവർട്ട് ബ്രോഡ് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ആബിദ് അലി (15), അസ്‌ഹർ അലി (0) എന്നിവർ ക്രീസിൽ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *