കോട്ടയത്ത് സിപിഎം-ബിജെപി സംഘര്‍ഷം പടരുന്നു; അഞ്ച് വീടുകള്‍ ആക്രമിച്ചു; വാഹനങ്ങളും തല്ലിത്തകര്‍ത്തു; കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം

പൊന്‍കുന്നം: സിപിഎം-ബിജെപി സംഘര്‍ഷം കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ ചിറക്കടവ്, മണക്കാട്ട്, തെക്കേത്തുകവല, ചെറുവള്ളി മേഖലകളില്‍ സംഘര്‍ഷം ഉടലെടുത്തു. മേഖലയിലെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇരു വിഭാഗത്തിലും പെട്ടവരുടെ അഞ്ചു വീടുകള്‍ക്കു നേരെയും ബസ്, ലോറി, കാര്‍, ഓട്ടോ, ബൈക്ക് എന്നിവയ്ക്കു നേരെയും ആക്രമണം നടന്നു.

യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുകവല ശ്രീരാജിന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറിന്റെ ചില്ലു തകര്‍ക്കുകയും ബൈക്കു മറിച്ചിടുകയും ചെയ്തു. ഇതിന് സമീപം താമസിക്കുന്ന അരുണ്‍ സാബുവിന്റെ ബൈക്ക് തോട്ടിലേക്ക് തള്ളിയിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചെറുവള്ളി പ്രിയവിലാസത്തില്‍ പ്രവീണിന്റെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞുടച്ചു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോ തകര്‍ത്തു. സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗം കാവുങ്കല്‍ എ.ആര്‍.വാസുദേവന്‍ പിള്ളയുടെ വീടന്റെ ജനല്‍ച്ചില്ല് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘം കമ്ബിവടി കൊണ്ടു തല്ലി തകര്‍ത്തു. ഗ്രാമദീപം കറ്റുവീട്ടിക്കല്‍ രാധാകൃഷ്ണന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും എറിഞ്ഞുടച്ചു.

സിപിഎം പ്രവര്‍ത്തകന്‍ ഗ്രാമദീപം ഓതറയില്‍ സോമന്റെ വീടിനു നേരെയും ആക്രമണം നടന്നു. ബിജെപി പ്രവര്‍ത്തകന്‍ തെക്കേത്തുകവല മോഹനന്‍ നായരുടെ ബന്ധുവിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് കത്തിച്ചു. പുഷ്പദാസന്റെ വീടിനു കല്ലെറിഞ്ഞു. ചിറക്കടവ് സെന്റര്‍ ശകുന്തള്‍ അജിയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ബി.ഹരിലാലിന്റെ ടൂറിസ്റ്റ് ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

ചിറക്കടവ് പുളിമൂട് വിമുക്തഭടനായ കെ.കെ.രവീന്ദ്രന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും എറിഞ്ഞു തകര്‍ത്തു. ഇയാളുടെ മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. സംഭവങ്ങള്‍ക്കു പിന്നില്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണന്ന് സിപിഎമ്മും സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു ബിജെപിയും ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *