കൊവിഡിനെ നേരിടാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പ്രധാനമായും കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം സംബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കിയാല്‍ മാത്രമേ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കൂവെന്നാണ് കത്തിന്റെ ഉള്ളടക്കം.

കൊവിഡ് വ്യാപന കാലയളവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ഉടന്‍ നല്‍കണമെന്നതാണ് ആദ്യ നിര്‍ദേശം. വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണം. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യാനായി ആകെയുള്ള വാക്‌സിന്‍ സംഭരണശേഷിയുടെ 10 ശതമാനം നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളിലെ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്നും രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
45 വയസിനു താഴെയാണെങ്കില്‍ പോലും കൊവിഡിനെതിരായ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ഫണ്ടുകളും മറ്റു ഇളവുകളും നല്‍കി വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കുന്നതിനുള്ള അനുകൂല നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നതാണ് നാലാമത്തെ നിര്‍ദേശം. ആഭ്യന്തര വിതരണം പരിമിതമാണെന്നതിനാല്‍ വിശ്വസിനീയമായ ഏജന്‍സികളുടെ അംഗീകാരം നേടിയ വാക്‌സിനുകള്‍ ആഭ്യന്തരമായി പരീക്ഷണംനടത്തി സമയം നഷ്‌പ്പെടുത്താതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നതാണ് അഞ്ചാമത്തെ നിര്‍ദേശം.

വാക്‌സിന്‍ നിര്‍മാണത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ് ഏര്‍പ്പെടുത്തിയാല്‍ നിരവധി കമ്ബനികള്‍ക്ക് ലൈസന്‍സിന് കീഴില്‍ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കഴിയും. ഇസ്‌റാഈലില്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഇതിനകം ഏര്‍പ്പെടുത്തിയ കാര്യവും മന്‍മഹന്‍ സിങ് ചൂണ്ടിക്കാട്ടി. രാജ്യത്ത് എത്രപേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി എന്നതിന് പകരം മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി എന്നതില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *