കുംഭമേള, റമസാന്‍ ആഘോഷങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: അമിത് ഷാ

കുംഭമേള, റമസാന്‍ ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാമാരിയുടെ നിലവിലെ വ്യാപന വേഗത തീര്‍ച്ചയായും അപകടകരമാണെന്നും കോവിഡ് -19 നെതിരായ രണ്ടാം പോരാട്ടത്തില്‍ വിജയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

“കുംഭമേളയായാലും റമസാന്‍ ആഘോഷമായാലും കോവിഡിന് അനുയോജ്യമായ ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല. അത് സംഭവിക്കാന്‍ പാടില്ല. അതിനാലാണ് കുംഭമേള പ്രതീകാത്മകമായി നടത്താന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടേണ്ടി വന്നത്,” ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
കോവിഡ്-19 ആദ്യ തരംഗത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും മരുന്നുകളുടേയും ഓക്‌സിജന്റേയും ദൗര്‍ലഭ്യം ഉണ്ടായെന്നുമുള്ള വാദം അമിത് ഷാ നിഷേധിച്ചു. എന്നാല്‍ ഓരോ തരംഗത്തിലും കോവിഡ്-19 പൂര്‍വ്വാധികം വേഗതയിലാണ് വ്യാപിക്കുന്നതെന്നും ഇതിനേയും നമ്മള്‍ അതിജീവിക്കുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.

അതേസമയം, ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. പ്രതിദിന കോവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *