കുളത്തില്‍നിന്ന് കിട്ടിയ തുണിയില്‍ രക്തക്കറ, വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം; 15 പേരെ ചോദ്യംചെയ്തു

പനമരം(വയനാട്): നെല്ലിയമ്പത്ത് പത്മാലയത്തിൽ ദമ്പതിമാരായ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. വീടിനുപുറകിൽ ചാരിവെച്ച ഏണിയിൽനിന്ന് കിട്ടിയ വിരലടയാളത്തെക്കുറിച്ചുള്ള പരിശോധന തുടരുകയാണ്. ഇത് അക്രമികളുടേതാണോ എന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളു.

വിരലടയാളം കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം കഴിഞ്ഞദിവസങ്ങളിലും നടന്നിരുന്നു. പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെയും വിരലടയാളങ്ങൾ ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്. കേശവനെയും ഭാര്യ പത്മാവതിയെയും ആക്രമിച്ച ശേഷം പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആക്രമണത്തിനു ശേഷം പ്രതികൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന സംശയമുണ്ട്. സി.സി.ടി.വി. ദ്യശ്യങ്ങളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ വീടിന്റെ സമീപമുള്ള കുളത്തിൽനിന്ന് ലഭിച്ച തുണിയിൽ രക്തക്കറയുള്ളതായും സൂചനയുണ്ട്. കൃത്യം നടത്താൻ പ്രതികൾ വീടിന്റെ ജനലഴി അഴിച്ചുമാറ്റി അകത്തു പ്രവേശിച്ചതാണെന്നാണ് പോലീസിന്റെ അനുമാനം. മറ്റ് സംശയങ്ങളും തള്ളിക്കളഞ്ഞിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് അക്രമികൾ കടന്നുകളഞ്ഞത്.

ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ പ്രദേശത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ച കാസർകോട് ഡിവൈ.എസ്.പി. പി.പി. സദാനന്ദൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടിന്റെ താഴത്തെ നിലയിലായിരുന്ന കേശവനെയും പത്മാവതിയെയും മുകളിൽ നിന്നിറങ്ങി വന്ന മുഖംമൂടി ധരിച്ച രണ്ടുപേർ വെട്ടിയെന്നാണ് കരുതുന്നത്. കഴുത്തിന് വെട്ടേറ്റ പത്മാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇക്കാര്യം പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *