കളക്ടർമാരുടെ യോഗം: തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി. ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന്‍റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23ന് ഓൺലൈനായി വിളിച്ച് കളക്ടർമാർക്ക് കത്തയച്ചത്.

ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെ നിർദ്ദേശങ്ങൾ നൽകരുതെന്ന് നേരത്തെ അഡീ. ചീഫ് സെക്രട്ടറിമാർക്കും, പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. യോഗം വിളിക്കേണ്ടതോ നിർദ്ദേശം നൽകേണ്ടതോ ആയ അടിയന്തിര സാഹചര്യമാണെങ്കിൽ അതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *