സംസ്ഥാനത്തെ പൂർണ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു: പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. 1061 പത്രികകളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.

മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യു.ഡി.എഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചത്. ജീവിതപങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യു.ഡി.എഫ് പരാതി. കെ.പി സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചയാളാണെന്നും , ഇക്കാര്യം മറച്ചു വെച്ചുവെന്നുമായിരുന്നു യു.ഡി.എഫ് നേതാക്കളുടെ ആരോപണം.

നാമനിർദേശ പത്രികകൾ തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തലശേരി, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾ നൽകിയ ഹരജികൾ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർഥിയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ വിശദീകരണം നൽകും. അധികാര ദുർവിനിയോഗം നടത്തിയതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. സാങ്കേതിക പിശക് മാത്രമാണ് സംഭവിച്ചതെന്നും തിരുത്താൻ അനുമതി നൽകാവുന്നതാണെന്നും ഇരുവരുടേയും ഹരജിയിൽ പറയുന്നു.

ദേവികുളത്ത് ആർ.എം ധനലക്ഷ്മിയുടെ പത്രിക തള്ളിയെങ്കിലും പുതിയ സ്ഥാനാർഥിയുമായി പ്രചാരണം വീണ്ടും സജീവമാക്കിയിരിക്കുകയാണ് എ.ഐ.എ.ഡി.എം.കെ പത്രിക തള്ളിയതിനെതിരെ ധനലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്നണിയുടെ പിന്തുണ അവർക്ക് ലഭിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം രാഷ്ട്രീയ ആയുദ്ധമാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *