ബസ് തടഞ്ഞ സംഭവത്തില്‍ മേയറും സച്ചിന്‍ ദേവും അറസ്റ്റിലേക്ക്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മേയറും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും കുടുംബവും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍ സൈഡ് കൊടുക്കാതിരുന്നതും അശ്ലീല ആംഗ്യം കാട്ടിയതുമായ സംഭവത്തില്‍ പോലീസ് അന്വേഷണം ദ്രുതഗതിയിലാണ്.

മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നെങ്കിലും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടെന്ന ഡ്രൈവറുടെ പരാതിയില്‍ പോലീസ് തുടക്കത്തില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍, യദു കോടതിയെ സമീപിച്ചതോടെ മേയര്‍ക്കും കുടുംബത്തനുമെതിരെ പോലീസ് കേസെടുത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് മേയര്‍ക്കും സച്ചിന്‍ ദേവിനും കുരുക്കായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.മേയറുടേയും സച്ചിന്‍ ദേവിന്റേയും മൊഴിയെടുക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കോടതിയില്‍ പൊതു താല്‍പര്യഹാര്‍ജി നല്‍കിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്റെ മൊഴിയാകും പൊലീസ് ആദ്യം രേഖപ്പെടുത്തുക.

ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നും സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയെന്നുമെല്ലാം എഫ്‌ഐആറിലുണ്ട്. ഇതുപ്രകാരം വിശദമായ അന്വേഷണമാണ് പോലീസ് നടത്തുക.അതേസമയം, ഇരുവര്‍ക്കുമെതിരെ ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎല്‍എയുടെയും അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവര്‍ക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയര്‍ക്കും കൂട്ടര്‍ക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *