ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ പിന്നിട്ടു; ഇന്ധന വിലയില്‍ റെക്കോഡിട്ട് രാജസ്ഥാന്‍

തുടര്‍ച്ചയായി രാജ്യത്തെ ഇന്ധന വില ഉയരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി നൂറ് രുപ പിന്നിട്ട് ഡീസല്‍ വില. രാജസ്ഥാനിലാണ് ഡീസല്‍ വില 100 രുപ പിന്നിട്ടത്. സംസ്ഥാനത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. പിന്നാലെയാണ് രാജസ്ഥാനില്‍ ഡീസല്‍ വില നൂറ് രുപ പിന്നിട്ടത്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഇന്ധന വില റെക്കോര്‍ഡ് വിലയായ 100.05 രൂപ എന്ന നിലയിലെത്തിയത്. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തി പ്രദേശം കൂടിയായ ഈ മേഖലയിലാണ് ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വിലയും നൂറ് പിന്നിട്ടത്. ഫെബ്രുവരി പകുതിയോടെ തന്നെ ഇവിടെ പെട്രോള്‍ വില നൂറ് രൂപ പിന്നിട്ടിരുന്നു. നിലവില്‍ മേഖലയില്‍ ഡീസല്‍ വില 100.05 മുതല്‍ 100.29 രൂപ എന്ന നിലയിലും എത്തി. പ്രീമിയം പെട്രോളിന് 110.50 രുപയും ഇതേ നിലവാരത്തിലുള്ള ഡീസലിന് 102.72 രൂപയായി ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ വില.

പെട്രോളിനും ഡീസലിനും എറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. 107.22 രൂപയാണ് ഇവിടെ പെട്രോള്‍ വില. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രാദേശികമായി ചുമത്തുന്ന നികുതിയാണ് സംസ്ഥാനങ്ങളില്‍ ഇന്ധനവിലയിലെ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കുന്നത്.

അതിനിടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വിലയും ഇതിനകം നൂറ് രൂപ പിന്നിട്ടു. കര്‍ണാടകയാണ് ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ഉള്‍പ്പെടുന്നത്. ബെല്ലാരി, കോപ്പാല്‍, ദേവനഗരി, ഷിമോഗ, ചികമംഗളൂര്‍ എന്നിവിടങ്ങളിലാണ് വില നൂറ് പിന്നിട്ടത്. മെട്രോ നഗരങ്ങളില്‍ മുംബെയിലാണ് അദ്യമായി പെട്രോള്‍ വില നൂറ് രൂപ പിന്നിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *