ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പള്ളികള്‍ തുറക്കുന്നത് പല കാരണങ്ങളാല്‍ സമൂഹത്തില്‍ വലിയ ഭീഷണികള്‍ ഉയര്‍ത്തും, കാരണം അക്കമിട്ട് നിരത്തി ഡോ. ഷിംന അസീസ്

ആരാധനാലയങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. കേരളത്തിലും ഇതിനായി കാത്തിരിക്കുന്നവരുണ്ട്. ഈ സൗഹചര്യത്തില്‍ ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുസ്ലീം പള്ളികള്‍ തുറന്നു കഴിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില കാര്യങ്ങളാണ് ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പള്ളികള്‍ തുറക്കുന്നത് പല കാരണങ്ങളാല്‍ സമൂഹത്തില്‍ വലിയ ഭീഷണികള്‍ ഉയര്‍ത്തും.

അഞ്ച് നേരം മനുഷ്യര്‍ കയറിയിറങ്ങുന്നയിടമാണ്.

ഓരോ നമസ്‌കാരത്തിലും പല തവണ മുഖം നിലത്ത് മുട്ടിക്കുന്നത് മൂക്കിലേയും വായിലേയും സ്രവങ്ങള്‍ നിലത്ത് വീഴ്ത്താം. രോഗം പടരാം.

പള്ളികളില്‍ കയറും മുന്‍പ് വുദു എടുക്കുന്ന സമയത്ത്(അംഗശുദ്ധി വരുത്തുന്ന നേരം) തുപ്പാനും മൂക്ക് ചീറ്റാനുമെല്ലാമുള്ള സാധ്യതകള്‍ രോഗാണുക്കളെ ചുറ്റുപാടും പടര്‍ത്താം.

എത്രയൊക്കെ ശ്രദ്ധിച്ചാലും കോണിയുടെ കൈവരികളും ജനാലപ്പടിയും വാതിലിന്റെ പിടിയുമെല്ലാം കോവിഡ് 19 വൈറസിന്റെ വളര്‍ത്തുകേന്ദ്രങ്ങളാകാം. ഓര്‍ക്കുക, നാട്ടിലേക്ക് പറന്നെത്തിയ പ്രവാസികളില്‍ വലിയൊരു പങ്കും മുസ്‌ലിങ്ങളാണ്.

പള്ളികള്‍ തുറന്നാല്‍ പ്രായമായവരാണ് ആദ്യമെത്തുക എന്നുറപ്പ്. പ്രതിരോധശേഷി കുറവുള്ള ഇവര്‍ക്ക് കോവിഡ് 19 രോഗം നല്‍കുന്നത് രോഗത്തിന്റെ ഏറ്റവും മോശമായ അവസ്ഥയോ മരണമോ തന്നെയാകാം.

ഇത്രയേറെ പേര്‍ ഇത്രയേറെ തവണ ആവര്‍ത്തിച്ച്‌ കണ്ടു മുട്ടാന്‍ ഇടയുള്ളൊരിടം ഇപ്പോള്‍ തുറക്കരുത്, പടച്ചോന്റെ കാവല്‍ വീട്ടിലിരുന്നാലും ഉണ്ടാകും. കോവിഡിന് കൂത്താടാന്‍ നമ്മുടെ പള്ളികള്‍ വിട്ട് നല്‍കരുത്. പുണ്യറമദാനില്‍ വീടകങ്ങളില്‍ ഒതുങ്ങിയ നമുക്ക് ഇനിയും കുറച്ച്‌ നാള്‍ കൂടി കരുതിയാല്‍ ഈ കഷ്ടകാലം ഒന്നൊഴിയും.

വിവേകത്തോടെ പടച്ചോന്റെ ഈ പരീക്ഷണകാലവും നമുക്ക് കടന്നു പോവണം. കൊറിയയിലെ ഷിന്‍ച്ചിയോന്‍ജി ചര്‍ച്ചിലും ഇറാനിലും പാകിസ്താനിലും ഇങ്ങ് ഡല്‍ഹിയിലെ നിസാമുദ്ദീനിലും നടന്നത് മറക്കാറായിട്ടില്ല. ലോകമെങ്ങും രോഗം പടര്‍ത്തിയതില്‍ ആരാധനാലയങ്ങള്‍ വഹിച്ച പങ്ക് വല്ലാത്തതാണ്.

മറ്റുള്ളവര്‍ പറയുന്നതിന് മുന്നേ തന്നെ പ്രവര്‍ത്തിച്ചു കാണിച്ചു തിരുവനന്തപുരത്തെ പാളയം പള്ളി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറെ അപരിചിതരും യാത്രക്കാരും വന്നു പോകുന്ന പള്ളിയില്‍ കോവിഡ് പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഫലപ്രദമായി ഒരുക്കാനാവില്ലെന്ന് മനസ്സിലാക്കുന്നുവെന്നും അതിനാല്‍ തന്നെ പള്ളി തല്‍ക്കാലം തുറക്കുന്നില്ലെന്നുമാണ് അവരുടെ തീരുമാനം.
മികച്ച മാതൃക, വിവേകമതികളായ അവിടുത്തെ ഇമാമിനോടും അധികാരികളോടും മനം നിറഞ്ഞ് നന്ദി പറയുന്നു.

നാട് അപകടത്തില്‍ പെടുമ്ബോള്‍ അതിന്റെ രക്ഷക്കായി ഒന്നിച്ച്‌ പ്രതിരോധിക്കണമെന്ന് പഠിപ്പിച്ച വിശ്വാസമാണ് നമ്മുടേത്. മാതൃരാജ്യത്തെ സ്‌നേഹിച്ചും ചേര്‍ത്ത് നിര്‍ത്തിയും കടന്ന് പോയ പൂര്‍വ്വികരുമാണ് നമ്മുടേത്. നമ്മുടെ ഇത്തിരി നേരത്തെ തോന്നലും ഭക്തിയും നാടിന്റെ നാശത്തിന് കാരണമായേക്കും.

വേവോളം കാത്തില്ലേ, ഇനി ആറുവോളം കൂടി…
പള്ളികള്‍ തുറക്കാറായില്ല.

Dr. Shimna Azeez

Spread the love

Leave a Reply

Your email address will not be published. Required fields are marked *