ഇടനിലക്കാര്‍ മാത്രമല്ല വേശ്യാലയത്തിലെത്തുന്ന ഇടപാടുകാരും ഇനി കുടുങ്ങും

മനുഷ്യക്കടത്ത്, ലൈംഗികചൂഷണം, വേശ്യാലയം നടത്തിപ്പ് എന്നിവയ്ക്കൊക്കെ എതിരെ ശക്തമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. ലൈംഗിക ഇടപാടുകളിലെ ഇടനിലക്കാരെയും വേശ്യാലയം നടത്തിപ്പുകാരെയും കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതും വിചാരണയ്ക്ക് വിധേയമാക്കാനും നിയമമുണ്ട്. എന്നാല്‍, വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കി ആന്ധ്ര.

വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഇത്തരമൊരു നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.

കഴിഞ്ഞയാഴ്ച്ചയാണ് നിയമവിദഗ്ധരടങ്ങിയ ഒരു സമിതിയെ സര്‍ക്കാര്‍ ഗവേഷണങ്ങള്‍ക്കായി നിയോഗിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്താനും 60 ദിവസത്തിനകം ശുപാര്‍ശകള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

പണം നല്കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം സുനിത കൃഷ്ണന്‍ പറയുന്നു. ആവശ്യക്കാര്‍ ക്രിമിനലുകളായി മാറുന്നതുവരെ പെണ്‍കുട്ടികള്‍ വില്‍പ്പനച്ചരക്കുകളാകുന്നത് തുടരുമെന്നും അവര്‍ പറയുന്നു.

ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഒന്നരലക്ഷത്തിലധികം വരുന്ന സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക ചൂഷണത്തിനിരകളാവുന്നുണ്ടെന്നും 2013ല്‍ പുറത്തിറക്കിയ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *