അധ്യാപകര്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍

അധ്യാപകര്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍.ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.

വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്, വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ ശ്രദ്ധിക്കണം തുടങ്ങിയവ എല്ലാ അധ്യാപകരും പാലിക്കണമെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാളാണ് പരാതി നല്‍കിയത്. അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.നല്ല വാക്കുകള്‍ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഇടം കൂടിയാവണം വിദ്യാലയങ്ങള്‍ എന്ന് പരാതിയില്‍ പറയുന്നു.

അധ്യാപകര്‍ ബഹുമാനം നല്‍കുന്നവരാണെന്ന് കുട്ടികള്‍ക്ക് തോന്നുന്ന തരത്തില്‍ പെരുമാറണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അധ്യാപകര്‍ കുട്ടികളെ പോടാ, പോടി എന്ന് വിളിക്കുന്നത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പരാതിക്കാരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *