അട്ടപ്പാടി മധു കേസ്: പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം, കുടുംബത്തെ അപായപ്പെടുത്താന്‍ നോക്കിയെന്ന് സഹോദരി

അട്ടപ്പാടി മധു കേസില്‍ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണവുമായി മധുവിന്റെ കുടുംബം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രധാന സാക്ഷിയെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ചിലര്‍ സാക്ഷിയെ സമീപിച്ചതെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. എന്നാല്‍ സാക്ഷി അതിന് തയ്യാറായിരുന്നില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. കുടുംബത്തെ അപായപ്പെടുത്താന്‍ നോക്കിയതായി സഹോദരി വെളിപ്പെടുത്തി. ആയുധവുമായി എത്തിയ സംഘം വീട്ടില്‍ കയറി ആക്രമണം നടത്തി. ഓടി ഇരുട്ടില്‍ ഒളിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്ന് സഹോദരി പറഞ്ഞു. ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നുവെന്നും, ഭയം കൊണ്ടാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും അവര്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവരാണ്. ഇപ്പോഴും കുടുംബം ഭയന്നാണ് ജീവിക്കുന്നത്. കേസില്‍ വിചാരണ വൈകുന്നതില്ഡ അവര്‍ അതൃപ്തി അറിയിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മധുവിന്റെ കുടുംബം. അതേസമയം കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ദ്ദേശിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നും കുടുംബം അറിയിച്ചു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *