ഫോണ്‍ കൈമാറില്ലെന്ന് ദിലീപ്, പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇന്ന് നിലപാട് അറിയിക്കുക. കെട്ടിചമച്ച കേസും വ്യാജ തെളിവുകളുമായി പൊലീസ് തങ്ങളെ വേട്ടയാടുന്നുവെന്നാണ് പ്രതികളുടെ ആരോപണം.

എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും അന്വേഷണ സംഘം ഉയര്‍ത്തിയേക്കും. പ്രതികളുടെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുദ്രവച്ച കവറിലാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.അസേസമയം, കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപിന്റെ വാദം. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *