രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം

രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയിൽ കൃത്യമായി ഏത് സ്ഥലത്താണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് സൂചന.

കാട്ടാന ചുരുളിപ്പെട്ടി വനമേഖലയിലെ വെള്ളച്ചാട്ടത്തിനടുത്ത് നിൽക്കുന്നുണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിപ്പെട്ടി. കോയമ്പത്തൂരിൽ നിന്നും രണ്ട് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചിട്ടുണ്ട്.

കുങ്കിയാനകളെ ഉടൻ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകും.ആനയെ മയക്കുവെടി വയ്ക്കാനോ അതല്ലെങ്കിൽ കുങ്കിയാനകളെ ഉപയോ​ഗിച്ച് അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനോ ഉള്ള രണ്ട് സാധ്യതകളാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. ഇതിന് രണ്ടിനും പൂർണമായും സജ്ജരാണെന്ന് വനംവകുപ്പ് പറഞ്ഞു. വിഎച്ച്എസ്ഇ ആന്റിന ഉൾപ്പെടെ ഉപയോ​ഗിച്ചാണ് വനംവകുപ്പ് ആനയെ ലൊക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നത്.

മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങൾ ഇന്നലെ രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *