കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം പൂര്‍ത്തിയാക്കുന്ന ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് മാര്‍ച്ചിന് സമാപനം കുറിച്ചു നടക്കുന്ന ചടങ്ങും പൊതുസമ്മേളനവും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രക്ഷാ മാര്‍ച്ച് കഴിഞ്ഞ ഒന്നിന് വയലാര്‍ രക്തസാക്ഷി കുടീരത്തില്‍ നിന്നും ആരംഭിച്ചത്. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തമാക്കുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.
എന്നാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നത് കേരള രക്ഷാ മാര്‍ച്ചിന്റെ ശോഭ കെടുത്തിയിരുന്നു. ഒന്നിന് മാര്‍ച്ച് തുടങ്ങിയപ്പോള്‍ മൂന്നിന് രമ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാരം തുടങ്ങിയതോടെ ശ്രദ്ധ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് തിരിഞ്ഞത് പിണറായിയ്ക്ക് തിരിച്ചടിയായിരുന്നു.