കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവിധ കർമ്മ സേനാംഗങ്ങൾക്കായി 30 കോടി രൂപയുടെ വായ്പ ഈ വർഷം വിതരണം ചെയ്യും. തൊഴിൽ ചെയ്യാനാവശ്യമായ വാഹനം വാങ്ങൽ, സംരംഭ വികസനം, സാനിട്ടറി മാർട്ടുകൾ, ഹരിത സംരംഭങ്ങൾ, സേനാംഗങ്ങളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസ സഹായം എന്നിവയ്ക്കാണ് വായ്പകൾ നൽകുക.


നാല് മുതൽ അഞ്ചു ശതമാനം പലിശനിരക്കിൽ ലഭിക്കുന്ന വായ്പയുടെ കാലവധി മൂന്ന് വർഷമാണ്. വാഹനം വാങ്ങാൻ പരമാവധി 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് 60,000 രൂപ വരെയും ഒരു സി.ഡി.എസിന് കീഴിൽ 50 ലക്ഷം വരെയും വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. കൂടാതെ സേനാംഗങ്ങളുടെ പെൺമക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്കും വൊക്കേഷണൽ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും നൽകും.
നാലരലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ യോഗ്യത നേടിക്കഴിഞ്ഞാൽ തിരികെ നൽകും. ആദ്യഘട്ടത്തിൽ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള മൂന്നു കോടി രൂപ ഉടൻ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ ഗ്രൂപ്പുകൾക്ക് വാഹനം വാങ്ങാനും വായ്പ അനുവദിക്കും. കോർപ്പറേഷൻ എൻ.എസ്.കെ.എ.എഫ്.ഡി.സിയിൽ നിന്നും വായ്പയെടുക്കാൻ 100 കോടിയുടെ ഗ്യാരന്റി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *