വീണ്ടും സഹായമഭ്യര്‍ഥിച്ച്‌ ഫാ. ടോം ഉഴുന്നാലില്‍

ആഭ്യന്തരയുദ്ധം നടക്കുന്ന യെമെനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിവൈദികന്‍ ടോം ഉഴുന്നാലില്‍ മോചനത്തിനായി വീണ്ടും ഇന്ത്യയുടെ സഹായംതേടി. ആരോഗ്യം ക്ഷയിക്കുന്ന തനിക്ക് അടിയന്തരസഹായം വേണമെന്നഭ്യര്‍ഥിക്കുന്ന ഫാ. ടോമിന്റെ വീഡിയോ ഏഡന്‍ ടൈം എന്ന വാര്‍ത്താ വെബ്സൈറ്റ് പുറത്തുവിട്ടു.

കോട്ടയം സ്വദേശിയായ ഫാ. ടോമിനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തെക്കന്‍ യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.

പുതിയ വീഡിയോയില്‍ ഫാ. ടോം ആകെ അവശനായാണ് കാണപ്പെടുന്നത്. ‘ഞാന്‍ ഫാ. ടോം ഉഴുന്നാലില്‍’ എന്നുപറഞ്ഞുതുടങ്ങുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിനോട് പലവട്ടം സഹായം തേടിയിട്ടും തണുത്ത പ്രതികരണമാണുണ്ടായതെന്ന് പരിഭവിക്കുന്നു.

”അവര്‍ (തട്ടിക്കൊണ്ടുപോയവര്‍) എന്നെ അവര്‍ക്കുകഴിയുന്നത്ര നന്നായി നോക്കുന്നുണ്ട്. എന്റെ ആരോഗ്യനില അതിവേഗം വഷളാവുകയാണ്. എനിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ട്. അവര്‍ നമ്മുടെ ഇന്ത്യാസര്‍ക്കാര്‍ അധികൃതരുമായി പലവട്ടം ബന്ധപ്പെട്ടു. വളരെ തണുത്ത പ്രതികരണമായിരുന്നു അത്.

അബുദാബിയിലെ ബിഷപ്പിനെയും അവര്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണവും പ്രോത്സാഹജനകമായിരുന്നില്ല. എന്നെ മോചിപ്പിക്കാന്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ബിഷപ്പോ സര്‍ക്കാര്‍ അധികൃതരോ ചോദിച്ചില്ല. ഈ പ്രതികരണത്തില്‍ ഞാന്‍ ദുഃഖിതനാണ്. എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, എന്റെ മോചനത്തിന് കഴിയുന്ന സഹായം ചെയ്യുക. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” -എന്നാണ് ഫാ. ടോം പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 15-ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നുകരുതുന്നു. ഈ തീയതി രേഖപ്പെടുത്തിയ കടലാസ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പറ്റിച്ചുവെച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

ആരാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയതെന്നതില്‍ വ്യക്തതയില്ല. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഡിസംബറില്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *