പിങ്ക് പട്രോളിന് ഒന്നാം പിറന്നാള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് നഗരങ്ങളില്‍ ആരംഭിച്ച പിങ്ക് പട്രോള്‍ സംവിധാനത്തിന് ഒരു വയസ്സ്. സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികളെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് പിങ്ക് പട്രോള്‍ സംവിധാനത്തിന് രൂപം നല്കിയത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതകള്‍ മാത്രമടങ്ങുന്ന കേരള പോലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയായി.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടാകെ 17,820 ഫോണ്‍കാളുകളാണ് പിങ്ക് പട്രോള്‍ സംഘം കൈകാര്യം ചെയ്തത്. 2016 ആഗസ്റ്റ് 15 ന് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലും പദ്ധതി ആരംഭിച്ചു.

ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിങ് വാഹനം സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പട്രോളിങ് നടത്തുന്നത് സ്ത്രീകളില്‍ സുരക്ഷിതത്വബോധം പകരാനും സുരക്ഷ വര്‍ധിപ്പിക്കാനും ഏറെ സഹായകമാണെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.
സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തല്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്‍പ്പന തുടങ്ങിയവ തടയുന്നതിനും പിങ്ക് പട്രോള്‍ സാന്നിധ്യം ഏറെ സഹായിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലുള്ള ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍ സംഘം നല്കുന്നുണ്ട്.

രണ്ടാം വയസ്സിലേക്ക് കടക്കുമ്പോള്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും കൂടുതല്‍ വിപുലപ്പെടുത്താനും ഒരുങ്ങുകയാണ് സര്‍ക്കാരും പോലീസും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *