ചെങ്ങന്നൂരില്‍ 10 കോടി രൂപയുടെ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ ഇടത്താവള സമുച്ചയത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍, നവീന ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍, പെട്രോള്‍ ഡീസല്‍ പമ്പുകള്‍, എടിഎം, ഡോര്‍മെട്രികള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

ക്ഷേത്ര നിര്‍മ്മിതിയുടെ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായ തരത്തിലുള്ള കെട്ടിട സമുച്ചയമാണ് ഇതിനായി ഒരുക്കുക. മൂന്നു നിലകളുള്ള ഇടത്താവള സമുച്ചയമാണ് ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്നത്. 500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കുന്നതിനും, 600 പേര്‍ക്ക് ഒരേ സമയം വിരി വെച്ച്‌ വിശ്രമിക്കുന്നതിനും ഇടത്താവള സമുച്ചയത്തില്‍ സൗകര്യമുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിക്കുക.

ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിര്‍മ്മിക്കണമെന്ന് അന്തരിച്ച എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പ്‌ തന്നെ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടത്താവളം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഇടത്താവള നിര്‍മ്മാണത്തിന് പത്ത് കോടിയോളം രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്. ഇടത്താവള സമുച്ചയ നിര്‍മ്മാണചെലവ് പൂര്‍ണമായും വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനമാണെങ്കിലും, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കെട്ടിട സമുച്ചയം തുടര്‍ന്ന് ചെങ്ങന്നൂര്‍ മഹാദേവര്‍ ദേവസ്വം അധീനതയിലായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അതിന്റെ പരിപാലനവും വരുമാനവും ദേവസ്വത്തിന് അവകാശപ്പെട്ടതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *