ഗുജറാത്തില്‍ മോദിയുടെയും രാഹുലിന്റെയും റാലിക്ക് അനുമതിയില്ല

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ റാലികള്‍ക്ക് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ റാലിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
കൂറ്റന്‍ റാലിയോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാനായിരുന്നു ബി.ജെ.പിയും കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ചിരുന്നത്. ഇരുവരുടെയും റാലി അഹമ്മദബാദിലെ വളരെ തിരക്കുള്ള നഗരത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ റാലികള്‍ വലിയ രീതിയിലുള്ള ഗതാഗതകുരുക്ക് ഉണ്ടാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ക്രമസമാധാനവും സുരക്ഷയും പൊതുജന ബുദ്ധിമുട്ടും കണക്കിലെടുത്ത് ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും റാലി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ പറഞ്ഞു.

ഡിസംബര്‍ പതിനാലിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി പതാന്‍, നാദിയാദ് ജില്ലകളിലായിരുന്നു മോദി റാലി തീരുമാനിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് നാല് റാലികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നത്. തരാഡ്, വിരാംഗം. സാവ്‌ലി, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ റാലിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തിനിടെ മന്ദഗതിയിലായിരുന്നു പോളിംഗ് നടന്നത്. 977 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. മുഖ്യമന്ത്രി വിജയ് റൂപാനി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ് ആണ് ആദ്യഘട്ടത്തിലെ വി.വി.ഐ.പി മണ്ഡലം. രാജ്‌കോട്ട് ഈസ്റ്റിലെ സിറ്റിംഗ് എം.എല്‍.എയും വ്യവസായിയുമായ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് റൂപാനിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *