ലത്തീന്‍ സഭയുടെ രാജ്ഭവനിലേക്കുള്ള മാര്‍ച്ച് തുടങ്ങി; പങ്കെടുക്കുന്നത് ആയിരങ്ങള്‍

ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.. ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ലത്തീന്‍ സഭാ പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ തീരദേശത്തുള്ള മുഴുവന്‍ മത്സ്യതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലത്തീന്‍ സഭയുടെ മാര്‍ച്ച്. ആയിരകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യതൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലത്തീന്‍ അതിരൂപതയിലെ വൈദീകരുടെ സമ്മേളനത്തിലും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലും ശക്തമായ വികാരം പ്രകടിപ്പിക്കപ്പെട്ടിരുന്നു.
പലവട്ടം സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇത് മുഖവിലക്കെടുക്കാതെയാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തണമെന്നതാണ് പ്രധാന ആവശ്യം.
ഇതിനായി 172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണം. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും സഭാനേതൃത്വം മുന്നോട്ടു വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 285 പേരെ കാണാതായിട്ടുണ്ടെന്നാണ് സഭയുടെ കണക്ക്.
സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയുന്ന സമരരീതികളിലേക്ക് മാറുമെന്നും സഭാനേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *