അവളെ കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് പേടി, ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ഡബ്യുസിസി


കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഭയമാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. പല നിര്‍മാതാക്കളും അവളെ അഭിനയിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നു. പലപ്പോഴും പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നും വിധു വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.


ആണ്‍ പെണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് വിധു വിന്‍സെന്റ് അടക്കമുള്ള വനിതാ പ്രവര്‍ത്തകര്‍ നടിക്ക് പിന്തുണ അറിയിച്ചത്. ആദ്യം മുതല്‍ക്കേ നടിക്കൊപ്പം നില്‍ക്കുന്നവരാണ് ഡബ്യുസിസി.


സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി വ്യക്തമാക്കി.



Sharing is Caring