കൈരാനയിലെ തോല്‍വി: യു.പി ബി.ജെ.പിയില്‍ അസ്വാരസ്യം വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വിയില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യം. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. കഴിവുകെട്ട മന്ത്രിമാരും അനിയന്ത്രിതമായ അഴിമതിയുമാണ് തോല്‍വിക്ക് കാരണം. അടുത്ത തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം നടത്താന്‍ കഴിയണമെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

ഗോപമൗ എം.എല്‍.എ ശ്യാം പ്രകാശ് ആണ് തോല്‍വിയില്‍ സര്‍ക്കാരിനെ ആദ്യം പഴിച്ച്‌ രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയിലാണ് വിമര്‍ശനം. ‘ആദ്യം ഗോരഖ്പൂരിലെ തോല്‍വിയില്‍ ഞങ്ങള്‍ ദുൗഖിതരായിരുന്നു. പിന്നീട് ഫുല്‍പുര്‍, ഇപ്പോള്‍ കൈരാനയും നൂര്‍പുരും’. മോഡിയുടെ പേരില്‍ അധികാരം നേടി. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല. ആര്‍.എസ്.എസിന്റെയും അതിന്റെ സംഘടനയുടെയും കൈകളിലാണ് നിയന്ത്രണം. മുഖ്യമന്ത്രി നിസ്സഹായനാണെന്നും ശ്യാം പ്രകാശ് പറയുന്നു.

തലപ്പത്തും ഉദ്യോഗസ്ഥരിലും അഴിമതിയാണ്. ജനം അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കണമെന്നാണ് പറയാനുള്ളത്. ഭൂരിപക്ഷം ബി.ജെ.പി എം.എല്‍.എമാരുടെ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് ശ്യാം പ്രകാശ് പിന്നീട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നത് യഥാര്‍ത്ഥ്യമാണ്. വര്‍ധിച്ചുവരുന്ന അഴിമതിയില്‍ ജനം ദേഷ്യത്തിലാണ്. ഇക്കാര്യങ്ങള്‍ തങ്ങള്‍ക്കറിയമായിരുന്നു. മുഖ്യമന്ത്രിയുടെ കൈകള്‍ സ്വതന്ത്രമല്ലെന്നും തങ്ങള്‍ക്കറിയാം. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ എല്ലാവരുടേയും അവസ്ഥ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബേരിയ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി സുരേന്ദ്ര സിംഗ് ആണ് വിമര്‍ശനം ഉയര്‍ത്തിയ രണ്ടാമന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കണമെങ്കില്‍ കഴിവുകെട്ട മന്ത്രിമാരെ മാറ്റണമെന്നും സിംഗ് പറഞ്ഞു. അഴിമതിയില്‍ ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. അഴിമതി ചെയ്യാത്തവര്‍ക്ക് മാത്രമേ അവരെ നിയന്ത്രിക്കാനും കഴിയൂ. അഴിമതി പരസ്യമാണ്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *