കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോടെ വടകര റവന്യു ഡിവിഷന്‍ ഓഫീസ് യാഥാര്‍ഥ്യമാകും

വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെടെ റവന്യുഡിവിഷന്‍ ഓഫീസ് വടകര അതിഥിമന്ദിരത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയുക്ത ആര്‍ഡിഒ വി പി അബ്ദുറഹ്മാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തില്‍ വടകരക്കാര്‍ക്ക് സമ്മാനമായി റവന്യുഡിവിഷന്‍ ഓഫീസ് നാടിന് സമര്‍പ്പിക്കും.

ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇതോടെ ജില്ലയില്‍ രണ്ടു റവന്യുഡിവിഷനുകളായി. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരാണ് വടകര ആര്‍ഡിഒവിന്റെ കീഴില്‍വരിക.അതിഥി മന്ദിരത്തിന്റെ മുകള്‍ നിലയില്‍ പൂര്‍ണ്ണമായും താഴത്തെ നിലയിലെ രണ്ട് മുറികളിലുമായാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

കോഴിക്കോട് നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. 24 ജീവനക്കാരാണ് ആവശ്യമായിട്ടുള്ളത്. ആര്‍ഡിഒയായി കാരപറമ്ബ് സ്വദേശിയായ അബ്ദറഹ്മാന്‍ കഴിഞ്ഞമാസം ഒമ്ബതിന് ചുമതലയേറ്റിട്ടുണ്ട്.സീനിയര്‍ സുപ്രണ്ട്, ജൂനിയര്‍ സുപ്രണ്ട്, യുഡി-എല്‍ഡി ക്ലര്‍ക്കുമാര്‍, ടൈപിസ്റ്റ്, അറ്റന്റര്‍ എന്നിവരുടെ നിയമനത്തിനായുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയുട്ടുണ്ട്. ഓഫീസിലേക്കാവശ്യമായ ആറ് ജീവനക്കാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരാവായിട്ടുണ്ട്.

ആര്‍ഡിഒയ്ക്ക് ജൂഡിഷ്യല്‍ അധികാരം കൂടി ഉള്ളതിനാല്‍ അദ്ദേഹം സബ്ഡിവിഷണല്‍ മജിസ്ട്രേട്ട കൂടിയാണ്. നല്ലനടപ്പുമായി ബന്ധപ്പെട്ട കേസുകളുടെ ഹിയറിങ് നടക്കുന്നത് ഇദ്ദേഹത്തിന് മുമ്ബാകെയാണ്. കൂടാതെ വ്യക്തികളെ കാണാനില്ലന്ന പരാതി നല്‍കല്‍, വൈകിയുള്ള ജനനമരണ രജിസ്ട്രേഷന്‍, കെട്ടിടനികുതി അപ്പീല്‍, ഭൂമി വിട്ടൊഴിയല്‍, മുദ്രപത്രം റീഫണ്ട്, തണ്ണീര്‍ത്തട സംരക്ഷണം, കുന്നിടിക്കല്‍ തടയല്‍ എന്നിവ സംബന്ധിച്ച്‌ നടപടി സ്വീകരിക്കേണ്ടത് ആര്‍ഡിഒയാണ്.

ഓഫീസ് ആരംഭിക്കുന്നതോടെ ഇരുതാലൂക്കുകളിലുള്ളവരുടെയും ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരമാകും. ജില്ലയില്‍ രണ്ടുറവന്യുഡിവിഷന്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
ഓഫീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് ആര്‍ഡി ഓഫീസിലെ ജോലിഭാരവും പകുതിയാവും.

വടകരയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കാണ് ഓഫീസിന്റെ പ്രയോജനം ഏറെ ഗുണകരമാവുക. ഇവിടെയുള്ളവര്‍ അറുപതും എഴുപതും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കോഴിക്കോട്ടെ ഓഫീസിലെത്തിയിരുന്നത്.വടകരയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇതിന് പരിഹാരമാവും. കോഴിക്കോട്ടെ റവന്യു ഡിവിഷന്‍ ഓഫീസില്‍ ഫയലുകള്‍ കെട്ടികിടക്കുന്നതിനാല്‍ പല ഫയലുകളും തീര്‍പ്പുകല്‍പ്പിക്കാന്‍ കാലതമാസമെടുത്തിരുന്നു.

വടകര, കൊയിലാണ്ടി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍ പതിവായ സാഹചര്യത്തില്‍ ആര്‍ഡി ഓഫീസ് ആരംഭിക്കാനുളള സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ഒത്തിരി ആശ്വാസം പകരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *