‘ഇവിടെ ജനിച്ച മറ്റാരേക്കാളും ഇന്ത്യാക്കാരിയാണ് എന്‍റെ അമ്മ’ മോദിക്ക് രാഹുലിന്‍റെ മറുപടി

ബംഗളൂരു: തന്‍റെ മാതാവിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ മറുപടി. കര്‍ണാടക തെരഞ്ഞടുപ്പിന്‍റെ പ്രചരണം അവസാനിക്കുന്ന ദിവസമായ ഇന്ന് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് രാഹുല്‍ ഇറ്റലിയില്‍ ജനിച്ച സോണിയയെക്കുറിച്ച്‌ വൈകാരികമായി പ്രതികരിച്ചത്.

ഗാന്ധി കുടുംബത്തെക്കുറിച്ച്‌ മോദി നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചാ‍യിരുന്നു ചോദ്യം. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച്‌ 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനാവുമോ എന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ചോദിച്ചിരുന്നു. ഇംഗ്ളീഷിലോ ഹിന്ദിയിലോ അതല്ലെങ്കില്‍ രാഹുലിന്‍റെ അമ്മയുടെ മാതൃഭാഷയിലോ സംസാരിക്കാമെന്നും മോദി പരിഹസിച്ചിരുന്നു. ഇതേക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിനോട് ചോദ്യമുന്നയിച്ചത്.

‘എന്‍റെ അമ്മ ഇറ്റലിക്കാരിയാണ്. പക്ഷെ അവരുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ജീവിക്കുന്ന മറ്റ് പലരേക്കാളും ഇന്ത്യാക്കാരിയാണ് എന്‍റെ അമ്മ. ഈ രാജ്യത്തിനുവേണ്ടി അവര്‍ ത്യാഗം സഹിച്ചിട്ടുണ്ട്. പലതും വേണ്ടെന്ന് വെച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ അവരെ അധിക്ഷേപിക്കട്ടെ. പ്രധാനമന്ത്രി എന്ന നിലക്കുള്ള അദ്ദേഹത്തിന്‍റെ സ്വഭാവഗുണമാണ് അതിലൂടെ വെളിവാകുന്നത്’ – രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബി.ജെ.പിക്ക് ഭയപ്പാടുണ്ട്. മോദി കര്‍ണാടകത്തിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാഗ്രഹിക്കുന്നു. കര്‍ണാടകയിലെ ജനങ്ങളുടെ ഭാവിയെപ്പറ്റി അദ്ദേഹത്തിന് ഒന്നും പറയാനില്ല. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദിയുടെ ശ്രമം. ഈ തെരഞ്ഞടുപ്പിലെ പ്രധാനവിഷയം രാഹുല്‍ ഗാന്ധിയല്ല. കര്‍ണാടകയുടെ ഭാവിയാണ് ഇവിടെ ചര്‍ച്ചാവിഷയമാകേണ്ടത് എന്നും രാഹുല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *