‘കയ്യാങ്കളിക്കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റം’; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവന്തപുരം: കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ ഇടത് എംഎല്‍എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. കേസ് പിന്‍വലിച്ചത് നിയമപരമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമവിദഗ്ധരുമായി ഇക്കാര്യം കൂടിയാലോചിക്കും. കേസ് പിന്‍ലിച്ചത് നിര്‍ഭാഗ്യകരമായ നടപടിയാണ്. കേരളത്തിന് തന്നെ നാണക്കേടായ സംഭവമാണ് നിയമസഭയില്‍ അരങ്ങേറിയത്.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ തീരുമാനം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെയാണ് അധിക്ഷേപിച്ചത്. സര്‍ക്കാര്‍ നിയമസഭയോട് അനാദരവ് കാട്ടി. നീതിബോധമുള്ള ഭരണാധികാരി ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയത്.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. കെ.എം.മാണിക്കെതിരെ ബാര്‍ കോഴ കേസ് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്നു. രാവിലെ നിയമസഭയിലേക്ക് എത്തിയ സ്പീക്കറെ തടയുകയും കസേര വലിച്ചെറിയുകയും ചെയ്തു. കംപ്യൂട്ടറുകളും മൈക്കും തകര്‍ത്തു.രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ആറ് ഇടത് എംഎല്‍എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇപ്പോഴത്തെ മന്ത്രി കെ.ടി.ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവന്‍കുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികള്‍. സ്പീക്കറുടെ വേദി തകര്‍ത്ത 15 എംഎല്‍എമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *