പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യക്ക് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. 2014 മുതല്‍ 2017വരെയുള്ള കാലത്ത് മോദി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് നടത്തിയ യാത്രകളുടെ വിവരങ്ങളാണ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കമ്മഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വിവരാവകാശ കമ്മീഷന്‍ തള്ളി. പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ഫയലുകളിലായി ചിതറിക്കിടക്കുകയാണ്. പല ബില്ലുകളും വിമാനക്കമ്ബനികളില്‍നിന്നും ലഭിച്ചിട്ടില്ലെന്നും ഇവ കണ്ടെത്തി മറുപടി നല്‍കുന്നതിന് വളരെയധികം മനുഷ്യാധ്വാനം വേണ്ടിവരുമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നത്. എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ട തുക ഇനിയും നല്‍കാന്‍ ബാക്കിയുണ്ടെന്നും യാത്രകളുടെ ബില്ലുകള്‍ തങ്ങളുടെ കൈവശമില്ലന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നല്‍കാനുള്ള തുക സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. കാരണം, ജനങ്ങളുടെ പണമാണ് ഇതിനായി വിനിയോഗിക്കുന്നത്. ദേശീയ സുരക്ഷ സംബന്ധിച്ച വിവരമല്ല ഇത്. പൊതു ഉടമസ്ഥതയിലുള്ള വിമാനക്കമ്ബനിക്ക് ലഭിക്കേണ്ട തുക സംബന്ധിച്ച വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ബില്ലുകള്‍ ലഭ്യമല്ലെന്നത് യാത്രാ ചെലവ് സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിനുള്ള കാരണമല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. എയര്‍ ഇന്ത്യക്ക് തുക നല്‍കിയാലും ഇല്ലെങ്കിലും ഇതു സംബന്ധിച്ച ബില്ലുകള്‍ ലഭ്യമാകുമെന്നും വിവരാവകാശ കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയത്തിന്റെയും അപേക്ഷകനായ ലോകേഷ് ബത്രയുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *