ഇന്ന്മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ബുക്ക് ചെയ്യാം

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമായ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ടു മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ന് (ഒക്ടോബര്‍ 10) മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നു. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്.
കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്കരിച്ചിരുന്നു.
ഇതിന് പുറമേ, പുതിയ നിര്‍ദേശമനുസരിച്ച്‌ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്ബ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുകയുള്ളു. കോവിഡ് ലോക്ക്ഡൗണിന് മുമ്ബ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയില്‍വേ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
മാര്‍ച്ച്‌ 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് റെയില്‍‌വേ എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, മെയ് ഒന്നുമുതല്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നതിനായി ശ്രാമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിച്ച്‌ സര്‍വീസ് വീണ്ടും ആരംഭിച്ചു.
അതേസമയം, കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച്‌ എല്ലാ തീവണ്ടി സര്‍വീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ പുനരാരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച്‌ ദക്ഷിണറെയില്‍വേ കൂടുതല്‍ ദീര്‍ഘദൂര തീവണ്ടിസര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കല്‍ എന്നിവയോടനുബന്ധിച്ച്‌ ഒട്ടേറെപ്പേര്‍ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്രാത്തിരക്കിനനുസരിച്ച്‌ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *