മൂലധനമില്ലാതെ വനിതകള്‍ക്ക് സംരംഭം തുടങ്ങാം; പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി സ്റ്റൗക്രാഫ്റ്റ്

കൊച്ചി: സംരംഭക രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന വനിതകള്‍ക്കായി പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ സ്റ്റൗക്രാഫ്റ്റ്. ഇതുപ്രകാരം മൂലധന നിക്ഷേപമില്ലാതെ തന്നെ വനിതകള്‍ക്ക് ഫ്രാഞ്ചൈസി ആരംഭിക്കാം. രാജ്യത്തുടനീളം ഈ പദ്ധതി ലഭ്യമാണ്. ഹൈദരാബാദില്‍ സ്റ്റൗക്രാഫ്റ്റിന്റെ നൂറാമത് ഷോറും ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭകത്വ പദ്ധതി കമ്പനി അവതരിപ്പിച്ചത്. സ്റ്റൗക്രാഫ്റ്റ് നേരിട്ട് പുതിയ സ്റ്റോറുകള്‍ സ്ഥാപിച്ച് സംരംഭകരായ വനിതകള്‍ക്ക് കൈമാറും.

റീട്ടെയില്‍ രംഗത്ത് വനിതാ സംരംഭകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ് ഈ പുതിയ വനിതാ ഫ്രാഞ്ചൈസി പദ്ധതി അവതരിപ്പിച്ചതെന്ന് സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാജേന്ദ്ര ഗാന്ധി പറഞ്ഞു. തുടക്കം മുതല്‍ സ്ത്രീകളുടെ നൈപുണ്യ മെച്ചപ്പെടുത്തുന്നതിനും അവരെ കമ്പനിയുടെ പ്രധാന അംഗങ്ങളായി പരിഗണിക്കുന്നതിനും മുന്തിയ പരിഗണന നല്‍കി വരുന്ന സ്ഥാപനമാണ് സ്റ്റൗക്രാഫ്റ്റ്. കമ്പനിയിലെ മാനേജീരിയല്‍ പദവികളില്‍ ഉള്‍പ്പെടെ മൊത്തം ജീവനക്കാരില്‍ 80 ശതമാനത്തോളം വനിതകളാണെന്നും അദ്ദേഹം പറഞ്ഞു.

ഗൃഹോപകരണങ്ങളുടേയും അടുക്കള, പാചക ഉപകരണങ്ങളുടേയും പുതിയ ശ്രേണികളുമായി 2022 ജൂണിലാണ് സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് റീട്ടെയില്‍ ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. കുറഞ്ഞ കാലയളവില്‍ തന്നെ 100 സ്റ്റോറുകളെന്ന നാഴികക്കല്ല് പിന്നിട്ടു. വരും വര്‍ഷങ്ങളിലും രാജ്യത്തുടനീളം പുതിയ സ്റ്റോറുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കേരളത്തില്‍ സ്റ്റൗക്രാഫ്റ്റിന് വിവിധ ജില്ലകളിലായി ഏഴ് സ്റ്റോറുകളുണ്ട്. കോഴിക്കോട് കൊടുവള്ളിയില്‍ ഈ മാസം പുതിയൊരു സ്റ്റോര്‍ കൂടി തുറക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *