ശബരിമലയിൽ ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാർക്ക് പ്രത്യേക പരി​ഗണന നൽകാനാവില്ല ;ഹൈക്കോടതി

പത്തനംതിട്ട: ശബരിമല ദർശനത്തിന് വിഐപികൾക്ക് ഹെലികോപ്റ്ററടക്കം വാ​ഗ്ദാനം ചെയ്ത സംഭവത്തിൽ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി. ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാർക്ക് ദർശനത്തിനായി പ്രത്യേക പരി​ഗണന നൽകാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിൽ രണ്ടു തരം തീർത്ഥാടകരെ സൃഷ്ടിക്കാനാകില്ല. അത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. നിലയ്ക്കലിൽ സജ്ജീകരിച്ച ഹെലിപ്പാട് താത്ക്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി. എൻഹാൻസ് ഏവിയേഷൻ സർവീസസ് (ഹെലി കേരള) എന്ന സ്വകാര്യ കമ്പനി നൽകിയ പരസ്യത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയിലെ സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല തീർത്ഥാടകർക്കായി കൊച്ചിയിൽ നിന്നും നിലയ്ക്കലിലേക്ക് സർവീസ് നടത്തുന്നുവെന്നായിരുന്നു കമ്പനി അവരുടെ വെബ്സൈറ്റിൽ നൽകിയ പരസ്യം. നിലയ്ക്കലിലെത്തുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്ക് ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞാൽ ഭക്തരെ തരിച്ച് കൊച്ചിയിൽ എത്തിക്കുമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

പരസ്യത്തെ തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടി. കമ്പനിയുടെ വെബ്സൈറ്റിലുളള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും കമ്പനിയോട് ഹൈകോടതി നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഇന്ന് വീണ്ടും പരി​ഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *