തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചാലക്കുടി താലൂക്ക് ആശുപത്രിയിൽ തന്നെയായിരിക്കും പോസ്റ്റ്മോർട്ടം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടർന്ന് അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഇന്നലെയാണ് വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സ (62) മരിച്ചത്.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മൃതദേഹം സൂക്ഷിച്ച ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായോ ഉൾപ്പെടെ നൽകാമെന്ന് ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.വനത്തിൽ മരോട്ടിക്ക ശേഖരിക്കാൻ പോയതായിരുന്നു വത്സയും ഭർത്താവ് രാജനും. ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആന തുമ്പിക്കൈ കൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി ഗുരുതരമായി പരുക്കേറ്റ വത്സയെ പിന്നീട് സമീപത്തുണ്ടായിരുന്ന ആദിവാസികൾ തന്നെയാണ് കാടിനു പുറത്തെത്തിച്ചത്.
പിന്നീട് ജീപ്പിൽ വാഴച്ചാലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു. വാഴച്ചാൽ നിന്ന് ആംബുലൻസ് ലഭ്യമാക്കിയാണ് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് ബിജെപി പ്രവർത്തകർ നടത്തിയ സമരത്തിൻറെ ഭാഗമായി വത്സയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറുമെന്നും മകൾക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും ഉറപ്പു നൽകിയിരുന്നുമരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചെലവും വനംവകുപ്പ് വഹിക്കും. കൂടുതൽ ഇടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാമെന്ന് ചർച്ചയിൽ വനംവകുപ്പ് ഉറപ്പ് നൽകി.