നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതക കേസ്; ഫ്‌സനയെ കസ്റ്റഡിയില്‍ കിട്ടാനായി അന്വേഷണ സംഘം കോടതിയിലേക്ക്

മലപ്പുറം നിലമ്പൂരില്‍ നാട്ടുവൈദ്യന്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌നയെ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഫസ്‌നക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മേപ്പാടിയിലെ വീട്ടില്‍ നിന്നാണ് പോലീസ് ഫസ്‌നയെ് അറസ്റ്റ് ചെയ്തത്.

കോടതി റിമാന്റ് ചെയ്ത ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയെ സമീപിക്കും. കേസില്‍ ഇതുവരെ പന്ത്രണ്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്. നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നിവയില്‍ ഫസ്‌നയുടെ പങ്ക് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാന്‍ മൈസൂര്‍ സ്വദേശിയായ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷത്തോളം ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഫസ്‌നക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷാബാ ഷെരീഫിനെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം ശുചിമുറിയില്‍ കൊണ്ടുപോയി കഷ്ണങ്ങളാക്കുകയും ചെയ്ത 2020 ഒക്ടോബറിലെ രാത്രിയില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ ഷൈബിന്‍ അഷറഫിനൊപ്പം ഫസ്‌നയും ഈ വീട്ടിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷൈബിന്റെ ബന്ധു ഫാസില്‍, സഹായി ഷെമീം, ഷൈബിന് നിയമ സഹായം നല്‍കിയിരുന്ന റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *