വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെ അട്ടിമറിച്ച് തായ്ലൻഡ്

വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെ അട്ടിമറിച്ച് തായ്ലൻഡ്. പാകിസ്താനെ നാല് വിക്കറ്റിനു കീഴടക്കിയ തായ്ലൻഡ് ടൂർണമെൻ്റിലെ ആദ്യ ജയമാണ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യമായാണ് തായ്ലൻഡ് പാകിസ്താനെ തോല്പിക്കുന്നത്. പാകിസ്താൻ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കിനിൽക്കെ തായ്ലൻഡ് മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ വരിഞ്ഞുമുറുക്കാൻ തായ്ലൻഡിനു സാധിച്ചു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വെറും 116 റൺസ് നേടാനേ പാകിസ്താനു സാധിച്ചുള്ളൂ. തായ്ലൻഡിനായി പന്തെറിഞ്ഞവരെല്ലാം പിശുക്കിയപ്പോൾ സ്കോർ ഉയർത്താൻ പാക് പട ഏറെ വിഷമിച്ചു. 64 പന്തുകളിൽ 56 റൺസെടുത്ത സിദ്ര അമീനാണ് അവരുറ്റെ ടോപ്പ് സ്കോറർ. തായ്ലൻഡിനായി സൊർനരിൻ ടിപ്പോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. മുനീബ അലി (15), നിദ ദർ (12), ക്യാപ്റ്റൻ ബിസ്‌മ മറൂഫ് (3) എന്നിവരൊക്കെ നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗിൽ തായ്ലൻഡിനെ സൂപ്പർ താരം നത്തകൻ ചാന്തം മുന്നിൽ നിന്ന് നയിച്ചു. മറ്റ് ബാറ്റർമാരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെങ്കിലും ഒറ്റക്ക് പൊരുതിയ താരം 45 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 19ആം ഓവറിൽ ചാന്തം മടങ്ങിയതോടെ പാകിസ്താന് പ്രതീക്ഷയായി. അവസാന ഓവറിൽ 10 റൺസായിരുന്നു തായ്ലൻഡിൻ്റെ വിജയലക്ഷ്യം. ആദ്യ പന്ത് വൈഡ്. വീണ്ടും എറിഞ്ഞ പന്തിൽ സിംഗിൾ. രണ്ടാം പന്തിൽ റൊസെനൻ കനോ ഒരു ബൗണ്ടറി നേടിയതോടെ വിജയലക്ഷ്യം 4 പന്തിൽ 4 റൺസ്. മൂന്നാം പന്തിൽ ഡബിൾ. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ വീണ്ടും ഒരു സിംഗിൾ. തായ്ലൻഡിന് ചരിത്ര ജയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *