ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയിൽ. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്‌നാട് അപേക്ഷ സമർപ്പിച്ചത്.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയ നടപടി മരവിപ്പിച്ച് ഉത്തരവിറങ്ങുന്നത് ഈ മാസം എട്ടിനാണ്. വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ആദ്യ ഉത്തരവ് റദ്ദ് ചെയ്യാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കുകയാണെന്നാണ് വിശദീകരണം. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച് മരം മുറിക്കാൻ അനുമതി നൽകിയത് ജലവിഭവ സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസാണ് ജലവിഭവ സെക്രട്ടറിയും. എന്നിട്ടും വിവരങ്ങൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അറിയിച്ചില്ലെന്നതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം, മുല്ലപ്പെരിയാർ-വള്ളക്കടവ് റോഡ് അറ്റകുറ്റപണി നടത്താനും അനുമതി നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *