മുന്‍ ഡിഎംകെ വക്താവിനെതിരെ കോടതിയെ സമീപിച്ച് തമിഴ്നാട് ഗവര്‍ണര്‍

മുന്‍ ഡിഎംകെ വക്താവിനെതിരെ കോടതിയെ സമീപിച്ച് തമിഴ്നാട് ഗവര്‍ണര്‍.ശിവാജി കൃഷ്ണമൂർത്തിക്കെതിരെയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി കോടതിയെ സമീപിച്ചത് .തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം വായിക്കാന്‍ പറ്റില്ലെങ്കില്‍ ഗവര്‍ണര്‍ കശ്മീരിലേക്ക് പോകണമെന്നും ഭീകരവാദികളെ അയച്ച് ഗവര്‍ണറെ വെടിവച്ച് വീഴ്ത്തണമെന്നും ജനുവരി 13ന് ശിവാജി കൃഷ്ണമൂർത്തി നടത്തിയ പരാമര്‍ശമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

ഭരണഘടനയ്ക്ക് കീഴിലായിരുന്നു പ്രതിജ്ഞ ചെയ്തതെങ്കിലും അംബേദ്കറുടെ പേര് പറയാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നും ശിവാജി കൃഷ്ണമൂർത്തി പറഞ്ഞിരുന്നു.ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്‍റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമർശം.പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിയെ ഡിംഎംകെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലയില്‍ നിന്ന് ശിവാജി കൃഷ്ണമൂർത്തിയെ നീക്കുകയും ചെയ്തിരുന്നു. ശിവാജി കൃഷ്ണമൂർത്തിയുടെ പരാമര്‍ശങ്ങള്‍ അടക്കമാണ് സിറ്റി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഗവര്‍ണറേയും ഗവര്‍ണറുടെ അധികാരപരിധിയേയും മാനിക്കാതെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ശിവാജി കൃഷ്ണമൂർത്തി നടത്തിയതെന്നാണ് പരാതിയില്‍ ഗവര്‍ണര്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 അനുസരിച്ച് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗവർണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ അനുമതിയോടെയാണ് ഡിഎംകെ നേതാവിന്‍റെ പരാമർശമെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *