ഇറാനിലും പാകിസ്താനിലുമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി താലിബാന്‍

ഇറാനിലും പാകിസ്താനിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആ രാജ്യങ്ങളില്‍ താമസിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി താലിബാന്‍.

താലിബാന്‍ മന്ത്രിസഭാംഗമായ അബ്ദുള്‍ റഹ്മാന്‍ റാഷിദ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ ഇറാനിലും പാകിസ്താനിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. അവിടുത്തെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. അതില്‍ പങ്കെടുത്ത് ജീവിതം നശിപ്പിക്കരുത്. അതാത് രാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണത്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും’ റാഷിദ് പറയുന്നു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച്‌ ക്രൂരമായി കൊല ചെയ്യപ്പെട്ട മഹ്‌സ അമിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്. ഇറാനിലെ സദാചാര പോലീസിന്റെ തടവിലിരിക്കെയാണ് 22കാരിയായ മഹ്‌സ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

പ്രക്ഷോഭത്തിന്റെ ഭാഗമായ 40 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഫ്ഗാനില്‍ നിന്നുള്ള ധാരാളം കുടിയേറ്റക്കാര്‍ താമസിക്കുന്ന രാജ്യമാണ് ഇറാന്‍. താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് 34 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാര്‍ ഇറാനില്‍ താമസിച്ചിരുന്നതായാണ് കണക്ക്. നിലവില്‍ ഈ സംഖ്യ ഇതിലും അധികമാണെന്നാണ് വിവരം.

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാലില്‍ വെടിയേറ്റതിന് പിന്നാലെയാണ് പാകിസ്താനില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. 13 ലക്ഷത്തോളം അഫ്ഗാനികള്‍ പാകിസ്താനിലേക്ക് കുടിയേറി താമസിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *