സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല: തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍

തായ്‌പേയ് സിറ്റി: യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍.

ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ തായ്‌വാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല.എന്നാല്‍ ഞങ്ങളുടെ പരമാവധി എന്ത് വന്നാലും സംരക്ഷിക്കും. അത് ആരോടായാലും പിന്നോട്ടില്ലാത്ത കാര്യമാണെന്ന് സായ് ഇങ് വെന്‍ പറഞ്ഞു. ചൈന തായ്‌വാന്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്തരമൊരു മുന്നറിയിപ്പ് തായ്‌വാന്‍ നല്‍കിയത്.

ചൈന ഇന്ന് തായ്‌വാന്‍ മേഖലയ്ക്ക് ചുറ്റും സൈനിക അഭ്യാസത്തിന് തുടക്കമിടുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് പിന്മാറണമെന്നാണ് പറയാനുള്ളത്. പ്രശ്‌നം ഇനിയും വലുതാകരുത്. ഞങ്ങളൊരിക്കലും ഈ പ്രശ്‌നം വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ പരമാധികാരത്തില്‍ തൊട്ട് കളിച്ചാല്‍ നോക്കിയിരിക്കില്ല.

ഞങ്ങളുടെ സുരക്ഷയും ജനാധിപത്യവും അതുപോലെ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു. തായ്‌വാന്റെ മറുപടിയൊന്നും ചൈന കാര്യമായിട്ടെടുത്തിട്ടില്ല. പെലോസിയുടെ വരവ് അവരെ പ്രകോപ്പിച്ചിരിക്കുകയാണ്. യുഎസ് സൈന്യവും ഈ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

തായ്‌വാന് സമീപം ചൈന മിസൈലുകള്‍ വിക്ഷേപിച്ചിരിക്കുകയാണ്. വ്യോമാക്രമണത്തിനും തങ്ങള്‍ റെഡിയാണ് എന്ന് അറിയിക്കാന്‍ കൂടിയാണിത്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ചൈന പ്രയോഗിച്ചിരിക്കുന്നത്. വന്‍ പ്രകോപനമാണ് ചൈന സൃഷ്ടിച്ചിരിക്കുന്നത്. ചൈനീസ് മിസൈലുകളില്‍ അഞ്ചെണ്ണം തങ്ങളുടെ സമുദ്ര മേഖലയിലാണ് പതിച്ചതെന്ന് ജപ്പാന്‍ പറഞ്ഞു.

ഈ സൈനിക അഭ്യാസം എത്രയും പെട്ടെന്ന് അവര്‍ നിര്‍ത്തണമെന്നും ജപ്പാന്‍ ആവശ്യപ്പെട്ടു. സമുദ്ര മേഖലയിലും, കര മാര്‍ഗവും, വ്യോമ മാര്‍ഗവുമുള്ള പരിശീലനങ്ങളാണ് ചൈന നടത്തിയത്. എല്ലാ തരത്തിലും തങ്ങള്‍ സജ്ജമാണെന്ന് അറിയിക്കാന്‍ കൂടിയുള്ള അഭ്യാസ പ്രകടനങ്ങളാണ് ചൈന പുറത്തെടുത്തത്.

ചൈന ഒരു ടാര്‍ഗറ്റ് സെറ്റ് ചെയ്ത് കൃത്യമായി ആക്രമണം നടത്തുന്ന മിസൈലിന്റെ പരിശീലനവും നടത്തിയിട്ടുണ്ട്. ഇതാണ് വേഗം നിര്‍ത്താനായി തായ്‌വാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചൈനയുടെ ഭീഷണിക്ക് പെലോസിയോ യുഎസ്സോ വഴങ്ങിയിട്ടില്ല. തായ്‌വാന് എല്ലാ വിധ സഹായവും നല്‍കുമെന്ന് നേരത്തെ പെലോസിയും പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയതാണ്.

യുഎസ്സിന്റെ കപ്പലുകള്‍ അടക്കം ഈ മേഖലയില്‍ ശക്തമായി അണിനിരന്നിട്ടുണ്ട്. എന്ത് വന്നാലും നേരിടാനാണ് തീരുമാനം. കടുത്ത പ്രത്യാഘാതങ്ങള്‍ യുഎസും തായ്‌വാനും നേരിടേണ്ടി വരുമെന്ന് നേരത്തെ പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *