മാങ്ങാണ്ടികളുമായി കുട്ടിക്കൂട്ടം തലസ്ഥാനത്ത്

കണ്ണൂര്‍: പതിനായിരം മാങ്ങാണ്ടികളുമായി അവര്‍ ട്രെയിന്‍ കയറി തലസ്ഥാനത്തെത്തി. മുഖ്യമന്ത്രിക്ക് നല്‍കാനൊന്നുമല്ല, മറിച്ച് നാട്ടുമാവുകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിലെ അംഗങ്ങളാകാനാണ് കണ്ണൂരില്‍ നിന്നും അവര്‍ മാങ്ങാണ്ടികളുമായി എത്തിയത്. കവയിത്രി സുഗതകമാരി ടീച്ചറെ കണ്ട് മാങ്ങാണ്ടി ഭദ്രമായി ഏല്‍പ്പിച്ചപ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് സമാധാനമായത്.
കണ്ണൂര്‍ പൂമംഗലം യു പി സ്‌കൂളിലെ ദേശീയ ഹരിതസേനാംഗങ്ങളായ 20 കുട്ടികളാണ് പതിനായിരം മാങ്ങാണ്ടികള്‍ ശേഖരിച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് കൈമാന്‍ തിരുവനന്തപുരത്ത് എത്തിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനിന്റെ നാട്ടുമാവുകള്‍ സംരക്ഷിക്കുന്ന പദ്ധതിക്കായാണ് വിദ്യാര്‍ത്ഥികള്‍ നാടന്‍ ഇനങ്ങളിലുള്ള മാങ്ങാണ്ടികള്‍ ശേഖരിച്ചത്. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സുഗതകുമാരി ഈ വിത്തുകള്‍ കുട്ടികളില്‍ നിന്നേറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ദേശീയ തേന്‍മാമ്പഴോത്സവത്തില്‍ ഇവര്‍ പാവനാടകം അവതരിപ്പിക്കുകയും ചെയ്തു.