ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍

PRKKDതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെണ്ണലും 15 മിനിറ്റിനകം ആരംഭിക്കും. എട്ടരയോടെ ലീഡ് സൂചനകള്‍ ലഭിച്ചു തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് പൂര്‍ണമായും എണ്ണി തീര്‍ന്ന ശേഷമേ അവസാന റൗണ്ട് വോട്ടിങ്ങ് യന്ത്രങ്ങളുടെ ഫലപ്രഖ്യാപനം നടത്തുകയുളളൂ. ഓരോ ടേബിളിലും കൗണ്ടിങ്ങ് സൂപ്പര്‍വൈസര്‍ക്ക് പുറമെ കൗണ്ടിങ്ങ് അസിസ്റ്റന്റും മൈക്രോ ഒബ്‌സെര്‍വര്‍മാരുമുണ്ടാകും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ സുതാര്യമായി നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ കേന്ദ്ര സായുധസേനാ ഭടന്മാരും സംസ്ഥാന പോലീസും മോണിട്ടറിങ്ങ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ത്രിതല സുരക്ഷാവിന്യാസമാണ് കഴിഞ്ഞ 36 ദിവസങ്ങളായി ഒരുക്കിയിരുന്നത്. ഇതിനു പുറമെ ജില്ലാ കലക്ടര്‍മാര്‍ നിശ്ചിത ഇടവേളകളില്‍ സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷാ വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ്, ഫാക്‌സ്, ഫോട്ടോകോപ്പിയര്‍, സിസി ടിവി ഉള്‍പ്പെടെയുളള എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പുറമെ കലക്ടറേറ്റുകളിലും മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ പുരോഗതിയും ഫലപ്രഖ്യാപനവും സുഗമമാക്കാന്‍ ട്രെന്റ്, ജെന്‍സിസ് എന്നീ സോഫ്റ്റ് വെയറുകള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ രൂപം നല്‍കിയിട്ടുണ്ട്.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടുളള അതോറിറ്റി ലറ്ററുളള മാധ്യമ പ്രവര്‍ത്തകര്‍, കൗണ്ടിങ്ങ് ജീവനക്കാര്‍, സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റ്, കൗണ്ടിങ്ങ് ഏജന്റുമാര്‍, സുരക്ഷാ സേനാംഗങ്ങള്‍, ഇലക്ഷന്‍ ഉദേ്യാഗസ്ഥര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്ക് മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുളളൂ.
ഇലക്ഷന്‍ നിരീക്ഷകര്‍ക്ക് മാത്രമാണ് ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുളളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും കൗണ്ടിങ്ങ് ഏജന്റുമാരും ഉള്‍പ്പെടെയുളളവര്‍ നിര്‍ദേശിക്കപ്പെട്ട സമയത്ത് തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ നടപടികള്‍ നടക്കുക. ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരും ഇലക്ഷന്‍ ഉദേ്യാഗസ്ഥരും പോലീസ് മേധാവികളും വ്യാഴാഴ്ച യോഗം ചേര്‍ന്ന് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. അനിഷ്ടസംഭവങ്ങള്‍ നേരിടുന്നതിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രശ്‌നബാധിത സാധ്യതയുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.