തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ജനവഞ്ചന കാട്ടുകയാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തിറങ്ങിക്കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷം പിന്നിടുമ്പോഴേക്കും ഇത് മൂന്നാം വട്ടമാണ് ബസ് ചാര്‍ജ് കൂട്ടുന്നത്. 2011 ആഗസ്തില്‍ മിനിമം ബസ്ചാര്‍ജ് 5 രൂപയാക്കിയ യു ഡി എഫ് സര്‍ക്കാര്‍ 2012 സെപ്തംബറില്‍ വീണ്ടും വര്‍ധനവ് വരുത്തി. മിനിമം ആറ് രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് 10 രൂപയാക്കുകയും ചെയ്തു. ഈമാസം 20 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വരിക. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ നിരക്കും കൂട്ടി. ഓര്‍ഡിനറി, സിറ്റി സര്‍വീസുകളുടെ നിരക്ക് 58 പൈസയില്‍നിന്നും 64 പൈസയായി ഉയര്‍ത്തി. സിറ്റി ഫാസ്റ്റ് നിരക്ക് 62 പൈസയില്‍ നിന്നും 68 പൈസയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെ കിലോമീറ്റര്‍ നിരക്കും 68 പൈസയാക്കിയിട്ടുണ്ട്. സൂപ്പര്‍ ഫാസ്റ്റുകളുടെ മിനിമം നിരക്ക് 12 രൂപയില്‍നിന്നും 13 രൂപയാക്കി ഉയര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 65 പൈസയില്‍നിന്നും 75 പൈസയാക്കി വര്‍ധിപ്പിച്ചു. സൂപ്പര്‍ എക്‌സ്പ്രസിന്റെ മിനിമം നിരക്ക് മൂന്നുരൂപ കൂട്ടി 20 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 77 പൈസയായി വര്‍ധിപ്പിച്ചു.
ചാര്‍ജ് വര്‍ധന സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വര്‍ധനവ്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് പഠനം നടത്തി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനര്‍ഥം വൈകാതെ വിദ്യാര്‍ഥികളുടെ ചാര്‍ജും വര്‍ധിപ്പിക്കും എന്നുതന്നെ.
ഒരു വര്‍ഷം മുമ്പ് കേരളത്തിലെ നിരത്തുകളില്‍ ഓടിയിരുന്ന ദീര്‍ഘദൂര ബസ്സുകള്‍ കൂട്ടത്തോടെ ഫാസ്റ്റ് പാസ്സഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളായി മാറുകയായിരുന്നു. സര്‍ക്കാരും ബസ്സുടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായിരുന്നു ഇത്. ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സുകളില്‍ പുതുക്കിയ വര്‍ധനവനുസരിച്ച് നിരക്ക് എട്ടില്‍ നിന്ന് പത്തായും സൂപ്പര്‍ഫാസ്റ്റിന്റെ നിരക്ക് 12 ല്‍ നിന്ന് പതിമൂന്നായും ഉയര്‍ത്തി. ഏഴു രൂപക്ക് ഓര്‍ഡിനറിയില്‍ യാത്ര ചെയ്യുന്നവര്‍ ആറു രൂപയോളം അധികം നല്‍കണം ഈ ബസ്സുകളില്‍ യാത്ര ചെയ്യാന്‍. ദൂരം കൂടുന്നതിനനുസരിച്ച് ചാര്‍ജ് പിന്നെയും വര്‍ധിക്കും.
ഓര്‍ഡിനറി ചാര്‍ജുള്ള ദീര്‍ഘദൂര ബസ്സൂകളില്‍ യാത്ര ചെയ്താല്‍ മതി എന്നു കരുതിയാല്‍ തന്നെയും അവ എണ്ണത്തില്‍ കുറവുമാണ്. കോഴിക്കോട്ടു നിന്ന് തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കണ്ണൂര്‍, തലശേരി തുടങ്ങിയ ദൂര്‍ഘദൂര ബസ്സുകളില്‍ ഏറെയും ഇപ്പോള്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റിലാണ് ഓടുന്നത്. അതിനാല്‍ ഓര്‍ഡിനറി ചാര്‍ജുള്ള ദീര്‍ഘദൂരബസ്സുകള്‍ കിട്ടാന്‍ ഏറെ നേരം കാത്തുനില്‍ക്കണം. അതിനാല്‍ ഫാസ്റ്റിലും സൂപ്പര്‍ഫാസ്റ്റിലും കയറാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവും. ഇത് ഫലത്തില്‍ ചാര്‍ജ് വര്‍ധനവിന്റെ ഭാരം ഇരട്ടിയാക്കും.
FLASHNEWS