തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാടുമായി സ്റ്റാലിന്‍ സര്‍ക്കാര്‍

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ ശക്തമായ പോര്‍മുഖം തുറന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇനി ഒത്തുപോകാന്‍ സാധ്യമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആര്‍ എന്‍ രവിയെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നല്‍കുമെന്നും ഭരണകക്ഷിയായ ഡി.എം.കെ വ്യക്തമാക്കി.

ഗവര്‍ണറെ പുറത്താക്കാന്‍ പിന്തുണ തേടി ഡിഎംകെ നിയമസഭാ കക്ഷി നേതാവ് ടി എന്‍ ബാലു വിവിധ പാര്‍ടി നേതാക്കള്‍ക്ക് കത്തയച്ചു. ഗവര്‍ണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തില്‍ ഒപ്പിടുമെന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ഇടതുപക്ഷ സിപിഎമ്മും വ്യക്തമാക്കി.

നിരവധി വിഷയത്തില്‍ ഗവര്‍ണറും തമിഴ്‌നാട് സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ രാജ്ഭവനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഎംകെയുടെ നീക്കം. ഗവര്‍ണറെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിട്ട നിവേദനം പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനാണ്‌നല്‍കുക.

കഴിഞ്ഞ മാസം കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായിരുന്നു.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും, ഐ.യു.എം.എല്‍, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ എന്നീ പാര്‍ട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഡി.എം.കെ മുന്നണിക്ക് ലോക്സഭയില്‍ 38 ഉം രാജ്യസഭയില്‍ 12 എം.പിമാരുണ്ട്. മൊത്തം 50 എം.പിമാരില്‍, ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും പിന്നീട് സഖ്യം വിട്ട ഐ.ജെ.കെ എം.പി ഡോ. ടി.ആര്‍. പാരിവേന്ദര്‍ ഒഴികെ മറ്റെല്ലാവരും ഒപ്പിടുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *