ബോളിവുഡില്‍ ചേക്കേറാന്‍ അമല പോള്‍; കൈതിയുടെ ഹിന്ദി റീമേക്കില്‍ തുടക്കം


നടി അമല പോള്‍ ബോളിവുഡിലേക്ക്. കാര്‍ത്തി അഭിനയിച്ച തമിഴ് ചിത്രം കൈതിയുടെഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്.


ഭോല എന്ന ഹിന്ദി പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍ ആണ് കാര്‍ത്തി അവതരിപ്പിച്ച ദില്ലി എന്ന വേഷത്തിലെത്തുന്നത്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം 2023 ഓഗസ്റ്റ് 30ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ദൃശ്യം 2 ആണ് അജയ് ദേവഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് ഖന്ന, തബു, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ലോകേഷ് കനകരാജ് ആണ് കൈതി സംവിധാനം ചെയ്തത്. മികച്ച പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റ് ആയിരുന്നു. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘കൈതി’. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. ‘ദളപതി 67’ന് ശേഷം മാത്രമേ ‘കൈതി 2’ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ‘ടീച്ചര്‍’ എന്ന മലയാള ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. ക്രിസ്റ്റഫര്‍, ആടുജീവിതം, ദ്വിജ എന്നിവയാണ് അമലാ പോളിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.



Sharing is Caring