ഐപിഎല്‍ 15ാം സീസണ്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്ക്.

ഐപിഎല്‍ 15ാം സീസണ്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആരാവും പ്ലേഓഫില്‍ കടക്കുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേഓഫില്‍ കടന്നിട്ടുള്ളത്.

16 പോയിന്റുമായി രാജസ്ഥാനും ലഖ്നൗവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ഡല്‍ഹിക്കും അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിക്കും 14 പോയിന്റുമുണ്ട്. കെകെആര്‍, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് 12 പോയിന്റാണുള്ളത്. ഇതില്‍ അവസാന മത്സരത്തില്‍ ഡല്‍ഹിയും ആര്‍സിബിയും തോറ്റാല്‍ പ്ലേ ഓഫ് പട്ടികയിലെ നാലാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം കടുക്കും.
രാജസ്ഥാന്‍ റോയല്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും അവസാന കളിയില്‍ വന്‍പരാജയം ഏറ്റു വാങ്ങിയില്ലെങ്കില്‍ പ്ലേഓഫില്‍ കടക്കാം. ചെന്നൈയ്ക്കെതിരെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ജയിക്കുകയോ വന്‍ തോല്‍വി ഒഴിവാക്കുകയോ ചെയ്താല്‍ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാം. തോറ്റാല്‍ നെറ്റ് റണ്‍റേറ്റിന് പരുക്കേല്‍പിക്കാതിരിക്കേണ്ടത് സഞ്ജുവിനും കൂട്ടര്‍ക്കും അത്യാവശ്യമാണ്. രാജസ്ഥാന്‍ പുറത്താകണമെങ്കില്‍ അവര്‍ ചെന്നൈയ്ക്കെതിരെ വലിയ തോല്‍വിയേറ്റു വാങ്ങുകയും ഒപ്പം ഗുജറാത്തിനെതിരെ ബാംഗ്ലൂര്‍ വന്‍വിജയം നേടുകയും വേണം.

കൊല്‍ക്കത്തയ്ക്കെതിരെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയിച്ചാലോ വന്‍ തോല്‍വിയൊഴിവാക്കാനായാലോ ലഖ്നൗവിനും പ്ലേഓഫില്‍ കടക്കാം. കെകെആര്‍ ജയിച്ചാല്‍ അത് മറ്റു ടീമുകളെ ബാധിക്കും. ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളുടെ സാധ്യതകള്‍ ഓരോ ടീമിന്റെയും അവസാന മത്സരങ്ങളിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡല്‍ഹിക്കും ബാംഗ്ലൂരിനും 14 പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിയാണ് മുന്നില്‍ (+0.255). ബാംഗ്ലൂരിന് -0.323 മാത്രം.

ആര്‍സിബിയുടെ അവസാന മത്സരം ഗുജറാത്തിനെതിരെയാണ്. ഗുജറാത്തിനെതിരേ വമ്പന്‍ ജയം നേടുകയെന്നതാണ് ആര്‍സിബിയുടെ മുന്നിലെ ആദ്യത്തെ വെല്ലുവിളി. തോറ്റാല്‍ പ്ലേ ഓഫ് കാണില്ലെന്നുറപ്പ്. ഗുജറാത്തിനെതിരേ ജയിക്കുകയും സിഎസ്‌കെയോട് രാജസ്ഥാനും ലഖ്നൗ കെകെആറിനോടും തോല്‍ക്കുകയും ചെയ്താല്‍ ആര്‍സിബിക്ക് 16 പോയിന്റുമായി ഇവര്‍ക്കൊപ്പമെത്താം. ഇതോടെ നെറ്റ് റണ്‍റേറ്റ് പരിശോധിക്കേണ്ടി വരും.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അവസാന മത്സരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. മുംബൈയെ ഡല്‍ഹി തോല്‍പ്പിച്ചാല്‍ ടീം പ്ലേ ഓഫില്‍ കടക്കുമെന്നുറപ്പ്. മികച്ച നെറ്റ് റണ്‍റേറ്റും റിഷഭ് പന്തിനും സംഘത്തിനുമൊപ്പമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയെ തോല്‍പ്പിച്ചാല്‍ ആര്‍സിബി, പഞ്ചാബ് കിങ്സ്, കെകെആര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്താകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *