
ഷൊർണൂരിൽ വന്ദേഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആറ് പേരെ തിരിച്ചറിഞ്ഞു. ഇവർ കോൺഗ്രസ് പ്രവർത്തകരാണ്. ആരെയും അപമാനിക്കാൻ വേണ്ടിയല്ലെന്നും ആവേശം കൊണ്ട് ചെയ്തതാണെന്നുമാണ് പ്രവർത്തകരുടെ വിശദീകരണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോസ്റ്റർ ഒട്ടിച്ച മുഴുവനാളുകളെയും കണ്ടെത്താനാണ് ആർ.പി.എഫ് നീക്കം.
അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ ഉൾപ്പെടെ ആറ് പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. പോസ്റ്റർ പതിക്കാൻ ആരുടെയും നിർദേശം ഉണ്ടായിരുന്നില്ലെന്നും ആവേശത്തിൽ ചെയ്തതാണെന്നും സെന്തിൽ കുമാർ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ എല്ലാവരും പോസ്റ്ററുമായി നിന്നിരുന്നു. ട്രെയിനെത്തിയപ്പോൾ മഴയിൽ നനഞ്ഞ ഗ്ലാസിൽ പോസ്റ്റർ ചേർത്തുവെക്കുകയായിരുന്നു. പൊലീസ് പറഞ്ഞപ്പോൾ അപ്പോൾ തന്നെ പോസ്റ്റർ എടുത്തുമാറ്റിയെന്നും സെന്തിൽ കുമാർ പറയുന്നു.

വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എം.പിക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്ററൊട്ടിച്ച സംഭവം വിവാദമായിരുന്നു. ഇന്നലെ ആദ്യ സർവിസിനിടെയാണ് സംഭവം. സംഭവത്തിൽ രൂക്ഷ വിമർശനവുമുയർന്നിരുന്നു. തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കിയിരുന്നു. തന്‍റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മനപൂർവമുള്ള പ്രചാരണം നടക്കുന്നുവെന്നും എം.പി ആരോപിച്ചു.
