
പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്ന് പ്രതികളും കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസില്‍ പാറശാല പൊലീസ് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനായി മൂന്ന് പ്രതികളെയും കോടതിയില്‍ വിളിച്ച് വരുത്തിയിരുന്നു. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിലേക്ക് വിളിച്ചുവരുത്തി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയായിരുന്നു.
2022 ഒക്ടോബര്‍ 14ന് ആയിരുന്നു കേസിലെ ഒന്നാം പ്രതിയായ തമിഴ്‌നാട് ദേവിയോട് സ്വദേശിനി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഷാരോണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഷാരോണ്‍ മരണപ്പെടുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അമ്മയും കൃത്യത്തിന് സഹായിയുമായിരുന്ന സിന്ധു, കളനാശിനി വാങ്ങി നല്‍കിയ കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. കുറ്റപത്രം കേട്ടശേഷം മൂന്ന് പേരും കുറ്റം നിഷേധിക്കുകയായിരുന്നു. കേസിലെ സാക്ഷികളായ 19 പേരുടെയും വിചാരണ സെപ്റ്റംബര്‍ 19 മുതല്‍ തുടരാന്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി എഎ ബഷീര്‍ ഉത്തരവിട്ടു.
