കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ ആക്ഷന്‍ കൗണ്‍സിലിന്റേയും മലയാള ഐക്യവേദിയുടേയും നേതൃത്വത്തില്‍ ശനിയാഴ്ച സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് സ്‌കൂള്‍ പരിസരത്ത് നടക്കുന്ന പരിപാടി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ജനകീയ ജാഗ്രത രൂപപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്നും നാളെയും ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കും. സാംസ്‌കാരിക സായാഹ്നം പരിപാടിയില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ, ഭാസി മലാപ്പറമ്പ്, വീരാന്‍കുട്ടി, ശിവദാസ് പുറമേരി, സോമന്‍ കടലൂര്‍, ശ്രീനി പാലേരി, ഗഫൂര്‍ കരുവണ്ണൂര്‍, എം പി അനസ്, ടി റജി, അഭിലാഷ് തിരുവോത്ത്, എ കെ സചിത്രന്‍, ലക്ഷ്മണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ഇരുട്ടിന്റെ മറവില്‍ ഇടിച്ചു നിരത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ബൂത്തായിരുന്ന സ്‌കൂള്‍ അന്ന് രാത്രിയോടെയാണ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തത്. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് സ്‌കൂള്‍ പൊളിച്ചു നീക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ മണിക്കൂറുകളോളം കോഴിക്കോട്- വയനാട് ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
സ്‌കൂള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് ദീര്‍ഘനാളായി ശ്രമം ആര്രംഭിച്ചിരുന്നു. ഫഌറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വില്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് സ്‌കൂള്‍ മാനേജര്‍ നടപടികള്‍ ആരംഭിച്ചത്. രണ്ടു വര്‍ഷം മുമ്പ് 53 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മാനേജ്‌മെന്റ് സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. നാട്ടുകാര്‍ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയില്‍ ആരുമറിയാതെ സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയത്.
FLASHNEWS