കോഴിക്കോട്: സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ബൈസിക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍ (എ കെ ബി പി സി) ആഭിമുഖ്യത്തില്‍ സൈക്കിള്‍ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. കോഴിക്കോടിന്റെ പൈതൃക സംരക്ഷണത്തിനായി രൂപീകൃതമായ കാലിക്കറ്റ് കള്‍ച്ചറല്‍ മ്യൂസിയത്തിന്റെ (സി സി എം) സഹകരണത്തോടെ ഈ മാസം 20 നാണ് പരിപാടി. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മുതലക്കുളം ടി ബി എസ് അങ്കണത്തില്‍ നിന്നാണ് സൈക്കിള്‍ സന്ദേശ യാത്ര ആരംഭിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50-ഓളം പേര്‍ അണിനിരക്കുന്ന യാത്ര ജി എച്ച് റോഡ്, കല്ലായി റോഡ്, ഇടിയങ്ങര, കുറ്റിച്ചിറ, ബാവൂട്ടിഹാജി റോഡ്, ബീച്ച്, കോര്‍പ്പറേഷന്‍ ഓഫീസ്, ഗാന്ധി പ്രതിമ, മൂന്നാലിങ്ങല്‍, ആര്‍ സി റോഡ്, സി എച്ച് ഫ്‌ളൈ ഓവര്‍, സി എസ് ഐ ചര്‍ച്ച്, മാനാഞ്ചിറ വഴി നഗരം ചുറ്റി ടി ബി എസ് അങ്കണത്തില്‍ സമാപിക്കും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ഗതാഗത തടസ്സവും ലഘൂകരിക്കുന്നതിനായാണ് സൈക്കിളുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.
ഇന്ധന വിലയുടെ ഗണ്യമായ വര്‍ധനവ്, ഗതാഗതക്കുരുക്ക് എന്നിവയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും ആരോഗ്യ പരിപാലനത്തിന് ഏറെ ഗുണകരവും മലിനീകരണം തീരെ ഇല്ലാത്തതുമായ സൈക്കിള്‍ യാത്ര സംസ്ഥാന തലത്തില്‍ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഓള്‍ കേരള സൈക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സൈക്കിളിന്റെ നിലവിലെ 5 ശതമാനം വാറ്റ് നികുതി നിര്‍ത്തലാക്കുക, പരമാവധി കുറഞ്ഞ വിലയ്ക്ക് ലഭിക്കുവാന്‍ സൈക്കിള്‍ നിര്‍മ്മാണ ശാല ആരംഭിക്കുക, റെയില്‍വെസ്റ്റേഷനിലേയും സിനിമാശാലകളിലേയും സൈക്കിളിന്റെ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കുക, പൊതു സ്ഥലങ്ങളില്‍ സൈക്കിള്‍ പാര്‍ക്കിങിന് പ്രത്യേക സ്ഥലം അനുവദിക്കുക, നിരത്തുകളില്‍ സൈക്കിള്‍ യാത്ര നടത്തുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക, സ്‌കൂള്‍-കോളേജ് തലത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സൈക്കിള്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുക, പൊതുജനങ്ങളേയും സര്‍ക്കാര്‍ ജീവനക്കാരേയും സൈക്കിള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുക, വര്‍ഷത്തില്‍ ഒരു ദിവസം സൈക്കിള്‍ ദിനമായി പ്രഖ്യാപിക്കുക എന്നിവയാണ് ഓള്‍ കേരള ബൈസിക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.
സൈക്കിള്‍ സന്ദേശ യാത്ര സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ. എം കെ മുനീര്‍ ഫഌഗ് ഓഫ് ചെയ്യും. കൗണ്‍സില്‍ രക്ഷാധികാരികൂടിയായ മേയര്‍ പ്രൊഫ. എ കെ പ്രേമജം ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം പി അഹമ്മദ്, എന്‍ ഇ ബാലകൃഷ്ണ മാരാര്‍, ഡോ. കെ മൊയ്തു, പി വി ഗംഗാധരന്‍, കമാല്‍ വരദൂര്‍, പി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സൈക്കിള്‍ യാത്ര പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ ഇ ബാലകൃഷ്ണ മാരാര്‍, എം എം സെബാസ്റ്റ്യന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
