മൊബൈലില്‍ ഇനി ‘കുറുക്ക് മലയാള’വും

കോഴിക്കോട്: ‘Malayalam‘ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ വിജയകരമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ് മാനേജിംഗ് ഡയരക്ടര്‍ എ ആര്‍ രാമകൃഷ്ണന്‍ നായര്‍ അറിയിച്ചു. ഈ കണ്ടെത്തലിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ ഡി ടി പിയും എസ് എം എസ്സും കൂടുതല്‍ എളുപ്പമാകും.
മലയാളത്തിലെ 38 അക്ഷരവും 15 ചിഹ്നവുമാണ് മൊബൈല്‍ ഫോണിലെ ഉപയോഗത്തിനുള്ള കുറുക്കുമലയാളം അക്ഷരമാലയിലുള്ളത്. മൂന്ന് പൊതു ചിഹ്നം കൊണ്ട് മറ്റെല്ലാ അക്ഷരങ്ങളും വളരെ വേഗത്തില്‍ എഴുതാന്‍ സാധിക്കും. ഉപചിഹ്നമുള്ള സ്വരാക്ഷരങ്ങളുടെ ലിപികള്‍ കീബോര്‍ഡില്‍ ആവശ്യമില്ല. സ്വര ചിഹ്നങ്ങള്‍ സന്ദര്‍ഭമനുസരിച്ച് അക്ഷരമായും അതിന്റെ ഉപചിഹ്നമായും മാറിവരുന്നതാണ് ഇതിന് കാരണം. അതെല്ലാം ഓരോ കീകൊണ്ട് എഴുതാനും സാധിക്കും. കമ്പ്യൂട്ടറില്‍ ഷിഫ്റ്റ് കീ ഉപയോഗിക്കേണ്ട അക്ഷരങ്ങള്‍ 33 ആണ്.
എന്നാല്‍ കുറുക്ക് മലയാളത്തില്‍ അത് 16 മാത്രം. വ്യഞ്ജനം ഇരട്ടിക്കുന്ന കൂട്ടക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെഴുതാന്‍ മൂന്നു മുതല്‍ അഞ്ച് വരെ കീകള്‍ വേണ്ടപ്പോള്‍ കുറുക്ക് മലയാളത്തില്‍ അതിന് രണ്ട് കീ മതി. ചില്ലക്ഷരങ്ങളും രണ്ടു കീ കൊണ്ട് എഴുതാം. ഇതിലൂടെ ഡി ടി പിയേക്കാള്‍ വേഗത്തില്‍, മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ മൊബൈല്‍ ഫോണില്‍ എഴുതാം.
മൊബൈല്‍ ഫോണിലെ കുറുക്ക് മലയാളത്തിന്റെ സാങ്കേതിക വിദ്യ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ മലയാളം ഡി ടി പിയില്‍ കൂടിയ വേഗത ലഭിക്കും. ഈ സൗകര്യങ്ങള്‍ മലയാളത്തോടൊപ്പം മറ്റുള്ള ഇന്ത്യന്‍ ഭാഷകളിലും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് രാമകൃഷ്ണന്‍ നായര്‍ പറഞ്ഞു.
കുറുക്ക് മലയാളത്തിന്റെ അക്ഷരമാല ആപ്ലിക്കേഷന്‍ www.crmeindia.com ല്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വോട്ടു ചെയ്തതിന് തെളിവു നല്‍കുകയും നിഷേധ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കുകയും ചെയ്ത ‘ജനരക്ഷക് വോട്ടിംങ് യന്ത്രം’ 14 വര്‍ഷംമുമ്പ് നിര്‍മ്മിച്ച സി ആര്‍ എം ഇയുടെ ഏറ്റവും പുതിയ കണ്ടെത്തലാണ് കുറുക്കുമലയാളമെന്നും എ ആര്‍ രാമകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *